അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
Wednesday, May 3, 2023 5:14 PM IST
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധാനമാണ് അകിടിലെ നീർക്കെട്ട്. അഡർ എഡിമ എന്നാണ് ഈ അവസ്ഥയെ ശാസ്ത്രീയമായി പറയുന്നത്. മുലക്കാന്പുകൾ നാലും ഒരേപോലെ വിങ്ങി വീർക്കുന്നതിനാലും, തൊട്ടാൽ കുഴിയുന്നതിനാലും "കേക്ക്ഡ് അഡർ’ എന്നും ഇത് അറിയപ്പെടുന്നു.
പലപ്പോഴും അകിടിലെ നീർക്കെട്ടിനെ അകിടുവീക്കമായി തെറ്റിദ്ധരിക്കാറുണ്ട്. കൂടുതൽ പ്രസവങ്ങൾ കഴിഞ്ഞ പശുക്കളെ അപേക്ഷിച്ച് ആദ്യത്തേയും, രണ്ടാമത്തേയും പ്രസവം നടക്കുന്ന അത്യുത്പാദനശേഷിയുള്ള ഹോൾസ്റ്റയിൻ ഫ്രീഷ്യൻ, സങ്കരയിനം എച്ച്.എഫ് പശുക്കളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.
അകിടിലെ കോശങ്ങൾക്കിടയിൽ അമിതമായി സ്രവങ്ങൾ നിറയുന്നതാണു കാരണം. പാൽ നിറഞ്ഞ് അകിടുകളിലെ അധിക സമ്മർദം കാരണം അകിടുകളിൽ നിന്നുള്ള രക്തയോട്ടം കുറയുന്നതും അകിടിലെ കോശങ്ങളിലെ ഉയർന്ന ഉപാപചയ പ്രവർത്തനങ്ങൾ കാരണം ലിംഫ് എന്ന ദ്രാവകത്തിന്റെ ഉത്പാദനം കൂടുന്നതുമെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പശുക്കളിൽ മാത്രമല്ല ആടുകളിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്.
അകിടുവീക്കവും നീർക്കെട്ടും എങ്ങനെ തിരിച്ചറിയാം
അകിടിലെ നീർക്കെട്ട് പശുക്കൾക്ക് വലിയ വേദന ഉണ്ടാക്കുമെന്നതിനാൽ പാലുത്പാദനം കുറയുക സാധാരണയാണ്. വേദന മൂലം പശുക്കൾ തറയിൽ കിടക്കാൻ മടിക്കും. പശുക്കളുടെ അമിത ശരീരഭാരവും, പ്രസവത്തിനു മുന്പു പശുക്കൾക്ക് നൽകുന്ന കുറഞ്ഞ ശരീര വ്യായാമവുമെല്ലാം അകിടിൽ നീർവീക്കത്തിന് കാരണമാകാറുണ്ട്. പ്രസവത്തിനു മുന്പ് അമിത അളവിൽ കാലിത്തീറ്റ നൽകി പശുക്കളെ കൊഴുപ്പിക്കുന്നതും തൊഴുത്തിന് പുറത്തിറക്കി നടത്തിച്ചു മതിയായ വ്യായാമം നൽകാതിരിക്കുന്നതുമെല്ലാം ഈ പ്രശ്നത്തിനു കാരണമാണ്.
ലക്ഷണങ്ങൾ
കന്നിപ്പാൽ നിറഞ്ഞ് അകിടുകൾ തിങ്ങിവീർക്കുന്നതും കൈവിരൽ ക്കൊണ്ട് അകിടിൽ അമർത്തിയാൽ കുഴിഞ്ഞു പോകുന്നതും, കുഴിഞ്ഞ ഭാഗം പൂർവ സ്ഥിതിയിലാവാൻ മിനിറ്റുകൾ എടു ക്കുന്നതും അകിടു നീരിന്റെ ലക്ഷണ മാണ്. നാലു കാന്പുകളും ഒരുപോലെ വിങ്ങിവീർക്കുന്നതാണു സാധാര ണയായി കാണാറുള്ളതെങ്കിലും ഒന്നോ രണ്ടോ കാന്പിനെ ബാധി ക്കുന്ന തരത്തിലും വരാറുണ്ട്. ചില പ്പോൾ മുന്നിലെ മുലക്കാന്പുകളിൽ നിന്നു തുടങ്ങി പൊക്കിൾ വരെയും പിന്നിലെ മുലക്കാന്പുകളിൽ നിന്നു തുടങ്ങി യോനിദളം വരെയും വീക്കം കാണാം. നെഞ്ചിനു കീഴെ വരെ വീക്കം ബാധിക്കുന്ന സാഹചര്യവും ചില പശുക്കളിൽ ഉണ്ടാവാറുണ്ട്.
അണുബാധ കാരണം ഉണ്ടാവുന്ന അകിടു വീക്കത്തിന്റെ ലക്ഷണങ്ങളായ പാലിന്റെ സ്വാഭാവിക വെള്ളനിറം വ്യത്യാസപ്പെടൽ, പാലിനു പുളിപ്പ്, പാലിൽ കട്ടയായോ തരിതരികളായോ കാണപ്പെടൽ, പാലിൽ രക്താംശമോ പഴുപ്പോ കാണപ്പെടുക, പാൽ വെള്ളം പോലെ നേർക്കൽ, അകിടിന് നിറവ്യ ത്യാസം, കല്ലിപ്പ് എന്നിവ അകിടു നീരിൽ കാണപ്പെടുന്നില്ല.
എന്നിരുന്നാലും അകിടിലെ നീർ ക്കെട്ട് പലപ്പോഴും അണുബാധ കാരണം ഉണ്ടാവുന്ന അകിടുവീക്ക മായി കർഷകർ തെറ്റിദ്ധരി ക്കപ്പെടാൻ ഇടയുള്ളതിനാൽ പ്രശ്നം കൃത്യമായി നിർണയിക്കാനും, ചികിത്സകൾക്കും ഡോക്ടറുടെ സേവനം തേടണം.
പ്രശ്നം രൂക്ഷമെങ്കിൽ മാത്രം ചികിത്സ
പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം വീക്കം സ്വാഭാവികമായി വലിഞ്ഞ് അകിടുനീരിന്റെ മിക്ക പ്രശ്നങ്ങളും ചികിത്സ കൂടാതെ തന്നെ ഭേദമാവാ റുണ്ട്. തണുത്ത വെള്ളവും ഇളം ചൂടു വെള്ളവും അകിടിൽ മാറിമാറി തളിക്കുന്നതും കിഴിപോലെ കെട്ടി ദിവസം മൂന്നുനേരം അകിടിൽ 20 മിനിറ്റ് നേരം ഉഴിഞ്ഞ് മസാജ് ചെയ്യു ന്നതും, പശുവിനെ നടത്തിച്ചു വ്യാ യാമം നൽകുന്നതുമെല്ലാം വീക്കം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.
കൂടിയ നീർവീക്കമാണെങ്കിൽ ചികിത്സ തേടുന്നതാണ് ഉചിതം. പ്രസവത്തിനു മുന്പേ തന്നെ അകിടിൽ നീർക്കെട്ട് കാണപ്പെടുന്നു ണ്ടെങ്കിൽ പ്രസവത്തിനു മുന്പേ പാൽ കറന്നു കളഞ്ഞ് അകിടിലെ അധിക സമ്മർദം കുറയ്ക്കുന്നത് ഉചിതമാണ്. അകിടു നീര് കൂടുതലായി കാണുന്ന പശുക്ക ളിൽ പ്രസവാനന്തരം ഇടയ്ക്കിടെ പാൽ കറന്നൊഴിവാക്കി സമ്മർദം കുറയ് ക്കുകയും വേണം.
അകിടിൽ കെട്ടിനിൽക്കുന്ന നീരു വലിയാൻ സഹായിക്കുന്ന ഡൈയൂ റെറ്റിക്ക് മരുന്നുകൾ പശുക്കൾക്ക് കുത്തിവയ്പായും, അസറ്റാഡോള മൈഡ്, ഫ്യൂറോസെമൈഡ് പോലുള്ള നീര് വലിയാൻ സഹായിക്കുന്ന ഗുളികകൾ ദിവസം രണ്ടു ഗ്രാം വരെ രണ്ടു തവണകളായും നൽകാവു ന്നതാണ്. വിദഗ്ധ നിർദേശങ്ങൾക്കായി വെറ്ററിനറി ഡോക്ടറെ സമീപിക്കണം.
ജീവകം ഇ, സെലീനിയം എന്നിവയട ങ്ങിയ പോഷകങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തുന്നതും നീരുവലിയാൻ സഹായിക്കുന്ന മാക്സിറ്റോൾ പോലു ള്ള ലേപനങ്ങൾ അകിടിൽ പുരട്ടു ന്നതും ഫലപ്രദമാണ്. അമോണിയം ക്ലോറൈഡ് പൗഡർ ദിവസം അൻപത് ഗ്രാം വീതം ഒരാഴ്ചത്തേക്ക് പശുവിനു നൽകുന്നതും ഫലപ്രദമാണ്. മഗ് നീഷ്യം സൾഫേറ്റ് പൗഡർ വറുത്ത് വെളിച്ചെണ്ണയിൽ അല്ലെങ്കിൽ ഗ്ലിസ റിനിൽ ചാലിച്ച് അകിടിൽ പുരട്ടാ വുന്നതാണ്.
ബാർലി അല്ലെങ്കിൽ ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച വെള്ളം പശുവിന് കുടിക്കാൻ കൊടുക്കുന്നത് അകിടുനീര് കുറയ്ക്കാനുള്ള നാടൻ രീതിയാണ്. തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നീ മൂന്ന് ചെടികൾ തണ്ടുൾപ്പെടെ 100 ഗ്രാം വീതം മൂന്നു ലിറ്റർ വെള്ള ത്തിൽ ഇട്ടു തിളപ്പിച്ചു കഷായ പരുവത്തിൽ ഒന്നര ലിറ്ററിലേക്കു വാറ്റിയെടുത്ത ശേഷം പകുതി വീതം ദിവസം രണ്ടു തവണകളായി മൂന്നു ദിവസം നൽകുന്നതും അകിടുനീരിനെ അകറ്റാനുള്ള നാടൻ പ്രയോഗമാണ്.
അകിടുനീര് ബാധിച്ച പശുക്കളിൽ അണുബാധ കാരണം അകിടുവീക്കം വരാനുള്ള സാഹചര്യം തടയാൻ കറവയ്ക്ക് മുന്പായി അകിടുകൾ നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തി യാക്കി ഒരു ടവലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ചു നനവ് ഒപ്പിയെടുക്കാനും പൂർണ കറവയ്ക്കുശേഷം മുലക്കാന്പു കൾ നേർപ്പിച്ച പൊവിഡോണ് അയ ഡിൻ ലായനിയിൽ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിംഗ് നൽകാനും ശ്രദ്ധിക്കണം.
ഫോണ് : 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
വെറ്ററിനറി സർജൻ, മൃഗസംരക്ഷണവകുപ്പ്