തൗഹീദിന്റെ കൃഷിയിടത്തിൽ മറുനാടൻ പച്ചക്കറി
Friday, August 4, 2023 1:20 PM IST
ആലപ്പുഴ ജില്ലയിൽ മാന്നാർ പാവുക്കര മൂന്നാം വാർഡിൽ കുര്യത്ത് കടവിനു സമീപം താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി തൗഹീദ് റഹ്മാനും ഭാര്യ സക്കീറ ബീവിയും വിളയിക്കുന്ന പച്ചക്കറികൾ മലയാളികൾക്ക് അത്ര പരിചയം പോര.
കടുംപച്ച നിറമുള്ള ജാർഖണ്ഡ് വഴുതന, കുംഭ ചുരയ്ക്ക, വരിപ്പീച്ചൽ എന്നിവയും നാടൻ ചീരയുമാണ് ഇവർ പ്രധാനമായും കൃഷി ചെയ്യുന്നത്. നാടൻ വഴുതനയിൽ നിന്ന് ഏറെ വ്യത്യസ്തമായ ജാർഖണ്ഡ് വഴുതനയ്ക്കു സാധാരണയിലും വലിപ്പം കൂടുതലാണ്.
പ്രത്യേക ഇനം ചുരയ്ക്കയും പീച്ചലുമൊക്കെ പന്തലിൽ വിരിഞ്ഞു കിടക്കുന്നതു കാണാൻ പ്രത്യേക ചന്തം. സ്വന്തം ആവശ്യത്തിനുള്ളത് എടുത്ത ശേഷം ബാക്കി അയൽക്കാർക്കും സുഹൃത്തുക്കൾക്കുമൊക്കെ വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
തങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ഇവിടെ കിട്ടാത്തതിനാലാണ് അവർ കൃഷിയിലേക്ക് ഇറങ്ങിയത്. എട്ടുവർഷം മുന്പ് കേരളത്തിലെത്തിയ തൗഹീദ് റഹ്മാൻ നാട്ടിൽ നിന്നു വിത്തുകൾ ശേഖരിച്ചു പാകി കിളിർപ്പിച്ചാണു കൃഷിക്ക് തുടക്കമിട്ടത്.
മറുനാടൻ പച്ചക്കറി കൃഷിയെക്കുറിച്ച് വാർഡ് മെന്പർ സെലീന നൗഷാദിൽ നിന്നു കേട്ടറിഞ്ഞ മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ തൗഹീദിന്റെ കൃഷിയിടത്തിലെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു.
ഭാര്യയ്ക്കും ഒന്നര വയസുള്ള മകൾക്കുമൊപ്പം വാടകക്ക് താമസി ക്കുന്ന അംഗൻവാടി കെട്ടിടത്തിനു സമീപം തരിശു കിടന്ന ഭൂമി കൃഷി ചെയ്യാൻ ഉടമസ്ഥൻ അനുവാദം നൽകിയതോടെ മേസ്തിരി പണിക്കാര നായ തൗഹീദ് ജോലി കഴിഞ്ഞുള്ള സമയം പൂർണമായും കൃഷിക്കായി മാറ്റിവച്ചു.
ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ അഗ്ലോം ഗ്രാമത്തിലാണ് തൗഹീദിന്റെ മാതാ പിതാക്കളും സഹോദരങ്ങളും താമസിക്കുന്നത്. കൃഷിയെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്.
കിഴങ്ങ്, സവാള, ഗോതന്പ്, വെളുത്തുള്ളി തുടങ്ങിയ ഇനങ്ങളാണ് അവിടെ പ്രധാന കൃഷി.
ഡൊമിനിക് ജോസഫ്