പിന്നീട് ബോട്ടം വാട്ടറിംഗ് നടത്തും. അതായത് താഴെ വച്ചിട്ടുള്ള ബോട്ടം ട്രേയിലാണ് വെള്ളം വയ്ക്കുന്നത്. ചെറു ചെടികളുടെ വേരുകൾ ഈ വെള്ളം വലിച്ചെടുത്തു വളരും. വെള്ളം അധികം ആകാനും പാടില്ല. ട്യൂബ് ലൈറ്റുകൾ കൊണ്ടാണ് പ്രകാശ ക്രമീകരണം നടത്തിയിട്ടുള്ളത്. വളമോ, കീടനാശിനിയോ ചേർക്കില്ല.
തുടക്കം നല്ല രീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ പരിചയ സന്പന്നനായ എറണാകുളം സ്വദേശിയായ ജൈവ കർഷകന്റെ സഹായം തേടി. സ്റ്റാൻഡുകളിൽ ആദ്യം കൃഷി തുടങ്ങിയത് ഈ കർഷകനാണ്. പിന്നീട് ഇന്റർ നെറ്റിൽ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൃഷി വിപുലപ്പെടുത്തുകയായിരുന്നു.
സംരക്ഷണം കേരളത്തിൽ നിലനിൽക്കുന്ന അതീവ ചൂട് മൈക്രോഗ്രീൻസിനു പറ്റിയതല്ല. താപനിലയും ഈർപ്പവും ഒരു പ്രത്യേക രീതിയിൽ ക്രമപ്പെടുത്തിയാൽ മാത്രമേ ചെടികൾ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുകയുള്ളൂ. എയർ കണ്ടീഷൻ ചെയ്ത മുറികളിലാണ് മെക്രോഗ്രീൻസ് ഫലപ്രദമായി വളരുന്നത്.
സാധാരണ പയർ വിത്ത് മുളപ്പിക്കുന്നതിനു മാത്രം ശീതീകരണം ആവശ്യമായി വരുന്നില്ല. ടെന്പറേച്ചർ എപ്പോഴും 27 ഡിഗ്രിയുടെ താഴെ നിൽക്കണം. ഹ്യുമിഡിറ്റി എഴുപതിന്റെ താഴെയായിരിക്കണം. ഇതിനായി പ്രത്യേകതരം മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഹെൽത്തി ഗ്രീൻസ് മൈക്രോഗ്രീനുകൾ ഏതാണ്ട് 150 ഇനങ്ങൾ ഉണ്ട്. പൊട്ടാസ്യം, അയണ്, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും മറ്റും ഉള്ളതിനേക്കാൾ നാല്പത് ശതമാനത്തിലധികം വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഇവയിലുണ്ട്.
കാൽത്സ്യവും ഫൈബറും പ്രോട്ടീനും ധാരാളമുണ്ട്. ഇതിലെ പോളിഫിനോൾസ് കാൻസർ, ഹൃദ്രോഗം, ആൽസ്ഹൈമേഴ്സ് എന്നിവയെ പ്രതിരോധിക്കും. ഉത്തരേന്ത്യയിലൊക്കെ മൈക്രോഗ്രീൻസിന്റെ ഉപയോഗം ഏറെക്കാലമായി നിലവിലുണ്ട്.
കേരളത്തിൽ പക്ഷേ അടുത്തകാലത്താണ് മൈക്രോഗ്രീനുകളെക്കുറിച്ചുള്ള അവബോധം ഉണ്ടായത്. നിരവധി ഉപഭോക്താക്കൾ മൈക്രോഗ്രീൻ ആവശ്യപ്പെട്ട് വരാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ പ്ലാസ്റ്റിക് പെട്ടിയിലാണ് വില്പന.
വിത്തുകളുടെ വില പല നിരക്കിലാണെങ്കിലും ഒരു പെട്ടിക്കു 150 രൂപ വച്ചാണ് യമുന കൊടുക്കുന്നത്. വില കൂടിയവയും കുറഞ്ഞവയും ചേർത്ത് വച്ചാണ് വിപണനം. ഒരൊറ്റ മൈക്രോഗ്രീനിനെക്കാൾ മിക്സഡ് ഇനങ്ങൾക്കു നിറവും രുചിയും ഗുണവും വർധിക്കും.
ഭക്ഷണത്തിൽ ചേർക്കുന്പോൾ ഉപയോഗിക്കും മുന്പ് നന്നായി കഴുകണം. സലാഡുകൾ, സാൻഡ് വിച്ചുകൾ, സൂപ്പുകൾ, കറികൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. പാകം ചെയ്താൽ ഇവയുടെ ഗുണം നഷ്ടമാകുമെന്നതിനാൽ പച്ചയ്ക്കു കഴിക്കുന്നതാണ് ഗുണകരം.
കറികൾ പാകം ചെയ്ത ശേഷം മല്ലിയില ഇടുന്നതു പോലെ ചേർക്കാൻ നല്ലതാണ്. ദോശ, ഇഡ്ഡലി, ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കുന്പോൾ അതിലും ചേർക്കാം. പുട്ടോ ദോശയോ ആണെങ്കിൽ പാകം ചെയ്തു കഴിഞ്ഞ് ചൂട് കുറയും മുന്പ് അരിഞ്ഞ മൈക്രോഗ്രീനുകൾ ഇട്ടു കൊടുക്കാം.
ഇഡ്ഡലിയിലോ ചപ്പാത്തിയിലോ ചേർക്കുന്പോൾ വിഭവങ്ങൾ പകുതി വെന്തശേഷമാണ് ചേർക്കേണ്ടത്. മാവിൽ വേണമെങ്കിലും ചേർത്തിളക്കാം. (വെന്തുകഴിയുന്പോൾ ഗുണം കുറയും) ഒരു ദിവസം 20 ഗ്രാം വരെ കഴിക്കാമെന്നാണ് നിഗമനം.
ഇതിനിടെ, 2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ യമുനയെ തേടി മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവുമെത്തി. ഫെയ്സ്ബുക്കിൽ ഹെൽത്തി ഗ്രീൻസ് എന്ന പേരിൽ യമുനയ്ക്ക് സ്വന്തം പേജ് ഉണ്ട്.
ഫോണ്: 9447210876