പോത്ത്, എരുമ, കറവപ്പശു തണ്ണിമത്തൻ, വെള്ളരി തോട്ടത്തിൽനിന്ന് പുറത്തു കടക്കുന്പോഴാണ് കൃഷിയിടത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് വലിയൊരു കുളത്തിൽ പോത്തും എരുമയും കുളിക്കുന്നതു കണ്ടത്.
അഞ്ചു പോത്തും രണ്ട് എരുമയും. പുല്ലൊക്കെ തിന്നു കൃഷിയിടം വെടിപ്പാക്കാനും പിന്നെ വളത്തിനുള്ള ചാണകം ലഭിക്കാനുമാണ് അവ. കൂടാതെ തൊഴുത്തിൽ നാല് കറവപ്പശുക്കളും.
ഒരു ജഴ്സിയും മൂന്ന് എച്ച്എഫും. ശരാശരി ഒരുനേരം എട്ടുലിറ്റർ പാൽ വീതം ഓരോന്നിനും കിട്ടും. അല്പം അകലെ ഇവയ്ക്കായി വളർത്തുന്ന ബ്രൗണ് നേപ്പിയർ, ഗ്രീൻ നേപ്പിയർ പുല്ലുകളും.
റെയിൻ ഷെൽട്ടറും പടുതാക്കുളവും റെയിൻ ഷെൽട്ടറിലാണ് ഹൈബ്രിഡ് മുളക് കൃഷി. തഴച്ചു വളർന്നു നിൽക്കുന്ന സൈറ, ബുള്ളറ്റ്, ഉജ്ജ്വല മുളകുകൾ. പലതും പൂവിട്ടു തുടങ്ങി. തൊട്ടടുത്തു പടുതാക്കുളം.
ഇതിൽ ഓടിക്കളിക്കുന്ന നാടൻ ബ്രാലുകൾ. അതിനപ്പുറത്തു നാടൻ കോഴിയും താറാവും. താറാവിനു ഇറങ്ങിക്കുളിക്കാൻ ചെറു ജലാശയവും.
വളങ്ങളും കീടനാശിനികളും ജൈവം ചാണകം, കോഴിവളം, പടുതാക്കുളത്തിൽ നിന്നു മാറ്റുന്ന വെള്ളം എന്നിവയാണ് ചെടികൾക്കു നൽകുന്നത്. ഓരോന്നിനും ആവശ്യമായ അനുപാതത്തിൽ നൽകുന്നതിനാൽ ചെടികൾക്കു നല്ല കരുത്ത്.
വെള്ളം ധാരാളമുള്ളതിനാൽ തെല്ലും ഉണക്കു ഭീഷണിയില്ല. വെള്ളീച്ചയുടെ ആക്രമണം തടയാൻ വേപ്പെണ്ണയും വെർട്ടീസീലിയവും വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നുണ്ട്.
വേരു ചീയലിന് ട്രൈകോഡർമ എന്ന മിത്രക്കുമിൾ ചാണകം കൂട്ടി മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കും. കൂടാതെ ജമന്തിയുടെ സത്ത് അടങ്ങിയ പയറിത്രം എന്ന മിശ്രിതം വെള്ളം ചേർത്ത് സ്പ്രേ ചെയ്യും.
ഒരേക്കറിന് രണ്ടെണ്ണം എന്ന രീതിയിൽ നെല്ലിന് എഗ് കാർഡുകൾ തൂക്കിയിടും. പച്ചക്കറികൾക്ക് ഫെറോമോണ് ട്രാപ്പും സോളാർ ട്രാപ്പും ഒരുക്കിയിട്ടുണ്ട്.
ഓർഗാനിക് ഷോപ്പും നഴ്സറിയും സ്വദേശിയും വിദേശിയുമായ നിരവധി പഴവർഗ ചെടികളും തോട്ടവും ഇദ്ദേഹത്തിനുണ്ട്. 20 ൽ പരം ഇനംത്തിലുള്ള മാവുകൾ, വിവിധയിനം പ്ലാവുകൾ, വിവിധതരം പേരകൾ, നാലുതരം ആപ്പിൾ, റന്പൂട്ടാൻ, മാങ്കോസ്റ്റീൻ, മരമുന്തിരി, അത്തി തുടങ്ങി നിരവധി ഫലവൃക്ഷങ്ങൾ തൃശൂരിലെയും പോട്ട സുന്ദരിക്കവലയിലെയും കൃഷിയിടങ്ങളിലുണ്ട്.
അപ്പനും അമ്മയും താമസിക്കുന്ന തൃശൂർ മയിലിപ്പാടത്തെ വീടിനോടുചേർന്ന് അതിമനോഹരമായ ഒരു നഴ്സറിയും ജൈവ ഉത്പന്നങ്ങൾ വിൽക്കുന്ന ഓർഗാനിക് ഷോപ്പും പ്രവർത്തിക്കുന്നു. ഇതിന്റെ ചുമതലയും നടത്തിപ്പുമെല്ലാം ഡോക്ടറുടെ മാതാപിതാക്കൾക്കാണ്.
തൃശൂരിലും ചാലക്കുടിയിലുമായി ഉപഭോക്താക്കളുടെ രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഉത്പന്നത്തെക്കുറിച്ച് അറിയിക്കുന്ന മാത്രയിൽതന്നെ അവ വിറ്റുപോകാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
കട്ട സപ്പോർട്ടുമായി കുടുംബം ആറുസൈറ്റുകളിലെ പണികളും വിളവെടുപ്പും ക്രമീകരിക്കാൻ ഒരു മാനേജരും വിവിധ ഇടങ്ങളിലായി ഏഴു തൊഴിലാളികളുമുണ്ട്. കൃഷിയിലൂടെ ലാഭം ഡോക്ടർ ലക്ഷ്യം വയ്ക്കുന്നില്ല.
കാശു കുറച്ച് കൈയിൽനിന്നു പോയാലും, വിഷരഹിതമായ ഭക്ഷണപദാർഥങ്ങൾ തനിക്കും കുടുംബത്തിനും മറ്റു പ്രിയപ്പെട്ടവർക്കും ലഭ്യമാക്കുക എന്നതാണ് ഈ കാർഡിയോളജിസ്റ്റിന്റെ നിലപാട്.
അതിനു കട്ടസപ്പോർട്ടുമായി തൃശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായ ഭാര്യ ഡോ. സൗമ്യ സ്റ്റീഫനും തൃശൂർ ദേവമാതാ സെൻട്രൽ സ്കൂൾ വിദ്യാർഥികളായ മക്കൾ ജോണ്, മിഷേൽ, സ്റ്റീഫൻ എന്നിവരുമുണ്ട്.
ഫോണ്: 9447307870
ചിത്രങ്ങൾ:
ടോജോ പി. ആന്റണി