മാർബിൾ ക്വീൻ, നിയോണ് പോത്തോസ്, ഗോൾഡൻ പോത്തോസ്, സ്ളീപ്പിംഗ് പോത്തോസ് തുടങ്ങിയ മണി പ്ലാന്റുകളുടെ കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ കാണുന്ന മണിപ്ലാന്റുകൾ മാത്രമല്ല, വളരെ പെട്ടെന്നു വളരുന്ന ചില ചെടികളെയും മണി പ്ലാന്റുകളായി വിശേഷിപ്പിക്കാറുണ്ട്.
ഓർക്കിഡുകളുടെ അതിശയ ലോകം തൂവെള്ള നിറത്തിലെ മനോഹരമായ പോട്ട് ഓർക്കിഡ്, സ്വർണ തോരണങ്ങൾ പോലെയുള്ള പൂങ്കുലകളുള്ള സലോജിനി ഓർക്കിഡ്, വർണച്ചിറകുള്ള ശലഭങ്ങൾ പോലുള്ള പൂക്കളുമായി നിൽക്കുന്ന ശലഭ ഓർക്കിഡുകൾ, കടും പിങ്ക് നിറത്തിൽ പുഷ്പങ്ങളുള്ള ഡെൻട്രോബിയം, തലയുയർത്തി നിൽക്കുന്ന അഞ്ഞൂറാൻ ഓർക്കിഡ്, കുഞ്ഞ് പുഷ്പങ്ങൾ നിറഞ്ഞ ലേഡീസ് ചപ്പൽ, സുന്ദരിയായ നർത്തകിയുടെ രൂപമുള്ള ഡാൻസിംഗ് ഗേൾ...
അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത ഓർക്കിഡുകളുടെ ശേഖരം. ഓറഞ്ച്, കടും ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള അന്തൂറിയവും ആന്തൂറിയത്തിന്റെ മിനിയേച്ചറുകളും ഇവിടെ ലഭ്യമാണ്. കുടുംബത്തിൽ നിന്നാണ് ബോ ബൻ ജൂഡിനു ചെടികളോടുള്ള സ്നേഹം തുടങ്ങുന്നത്.
അമ്മ ജെറാൾഡായ്ക്കു ചെടികളോടും മരങ്ങളോടും പൂക്കളോടും വലിയ ഇഷ്ടമായിരുന്നു. അച്ഛനും വലിയ പ്രോത്സാഹനം നല്കിയിരുന്നു. അങ്ങനെ ബോബൻ ജൂഡിന്റെ കുട്ടിക്കാലം മുഴുവനായിത്തന്നെ ചെടികൾക്കു നടുവിലായിരുന്നു.
ബിരുദപഠനത്തിനു തെരഞ്ഞെടുത്തതും ബോട്ടണി. പത്ത് വർഷം മസ്കറ്റിൽ ലാൻഡ് സ്കേപ്പിംഗ് വിഭാഗത്തിലായിരുന്നു ജോലി. അമ്മയ്ക്കു സുഖമില്ലാതായതോടെ മസ്കറ്റ് വിട്ടു നാട്ടിലേക്കു മടങ്ങി.
നാട്ടിലെത്തിയതോടെ വിവാഹം, റിസ്പഷൻ തുടങ്ങിയ പരിപാടികൾക്കു ഫ്ളവർ അറേഞ്ച്മെന്റ് നടത്തുന്നതു ബോബൻ ജൂഡ് തൊഴിലായി സ്വീകരിക്കുകയായിരുന്നു. ഇതിനായി വീട്ടിലുണ്ടായിരുന്ന ചെടികൾ കൂടാതെ പുതിയ ചെടികളും നട്ടുപിടിപ്പിച്ചു.
പുഷ്പാലങ്കാരങ്ങൾക്കാവശ്യമായ ഐറീഷ് പെനോക്കി, കരീബിയൻ റെഡ് കോളിസ്, ബിഗോണിയ, ആന്തൂറിയം തുടങ്ങിയവ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. റോസ നട്ടാൽ മരുന്നും കീടനാശിനികളും ഉപയോഗിക്കേണ്ടി വരും.
അതിനാലാണ് ഇൻഡോർ പ്ലാന്റിലേക്കു തിരിഞ്ഞതെന്നു ബോബൻ ജൂഡ് പറഞ്ഞു. അധികം വെള്ളവും വെയിലും വേണ്ടങ്കിലും അലങ്കാര ചെടികൾക്ക് ഈർപ്പം അത്യാവശ്യമാണ്. എന്നാൽ, വളർച്ചയ്ക്കു ചെറിയ വെയിൽ വേണ്ടിവരും.
ദിവസവും രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് നന. വീട്ടിൽ തന്നെ വളർത്തുന്ന കോഴി, വാത്ത, താറാവ് എന്നിവയുടെ അവശിഷ്ടങ്ങളാണ് വളം. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ല.
വീട്ടിലിരുന്നുതന്നെ വരുമാനം കണ്ടെത്താവുന്ന അലങ്കാരചെടി കൃഷിക്കു വിപണന സാധ്യതയേറെയാണ്. ഇൻഡോർ പ്ലാന്റ് സ്നേഹികളും ടെക്നോപാർക്ക് പോലെയുള്ള വലിയ ഓഫീസുകളും വൻകിട ഹോട്ടലുകാരും അലങ്കാര ചെടികൾ തേടി എത്താറുണ്ടെന്ന് ബോബൻ ജൂഡ് പറഞ്ഞു.
ഫോണ്: 9947028560