വരുമാനം തരും ചകിരിത്തൊണ്ട്
Tuesday, July 30, 2024 2:46 PM IST
നാളികേരം പൊളിച്ചശേഷം വലിച്ചെറിയുന്ന ചകിരിത്തൊണ്ട് വയനാട് പുൽപ്പള്ളി സ്വദേശി കവളക്കാട്ട് ജോസ് ആന്റണിക്കും ഭാര്യ അന്പിളിക്കും നല്ലൊരു വരുമാന മാർഗമാണ്. അവർക്കു മാത്രമല്ല, കൂടെ ജോലി ചെയ്യുന്ന പത്തോളം തൊഴിലാളികളുടെ ജീവനോപാധി കൂടിയാണത്.
വർഷത്തിൽ മൂന്നും നാലും തവണ വിളവെടുക്കുന്ന തെങ്ങിൻ തോപ്പാണ് ജോസിന്റേത്. വിളവെടുപ്പിനുശേഷം തെങ്ങിൻ തോപ്പിൽ വെറുതെ കിടക്കുന്ന ചകിരിത്തൊണ്ട് കൃഷിപ്പണികൾക്കും മറ്റും തടസമായതോടെയാണു ചകിരിയിൽ നിന്ന് എന്തെങ്കിലും ഉത്പന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചത്.
ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളും യാത്രകളും പുൽപ്പള്ളി ശിശുമലയിൽ പ്രവർത്തിക്കുന്ന "ദി ഫൈബർ ഹൗസ്’ എന്ന സംരംഭത്തിൽ ജോസിനെ കൊണ്ടെത്തിക്കുകയായിരുന്നു. പത്തോളം പേർക്കു നേരിട്ടും അനേകം പേർക്ക് പരോക്ഷമായും ഈ സംരംഭത്തിലൂടെ ജോലി ലഭിക്കുന്നുണ്ട്.
സ്വന്തം കൃഷിയിടത്തിൽ നിന്നും സമീപ പ്രദേശങ്ങളിലിൽ നിന്നും ശേഖരിക്കുന്ന തൊണ്ടുകളാണ് പ്രധാന അസംസ്കൃത വസ്തു. ആയിരത്തിന് 300 രൂപ എന്ന നിരക്കിലാണ് തൊണ്ടുകൾ ശേഖരിക്കുന്നത്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ തെങ്ങ് കൃഷി വ്യാപകമായതിനാൽ തൊണ്ടിനു ബുദ്ധിമുട്ട് ഉണ്ടാവാറില്ല.
പല ഘട്ടങ്ങളായിട്ടാണു തൊണ്ട് സംസ്കരിച്ചെടുക്കുന്നത്. "ദി ഫൈബർ ഹൗസി’ൽ അതെല്ലാം യന്ത്രവത്കൃതമാണ്. കണ്വേയർ ബെൽറ്റിലൂടെ എത്തുന്ന തൊണ്ട് ആദ്യം ബീറ്ററിൽ എത്തും. അതിലുള്ള ബ്ലേഡുകൾ അവയെ നാരുകളാക്കി മാറ്റും. 80 ശതമാനത്തോളം നാരുകളും ഇവിടെ വേർതിരിച്ചെടുക്കാനാവും. ഈ നാരുകൾ കണ്വേയർ ബെൽറ്റിലൂടെ ക്ലീനർ ബോക്സിലെത്തും.
ഇവിടെ നിന്ന് 99 ശതമാനം നാരുകളും പൊടിയും മറ്റു മാലിന്യങ്ങളുമില്ലാതെ പുറത്തെത്തും. ഈ നാരുകൾ ഉണക്കിയാണ് നല്ല ഫൈബറുകളാക്കി മാറ്റുന്നത്. എക്സ്പോർട്ട് നിലവാരത്തിലുള്ള ഫൈബറുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കയർ ഫെഡ് നേരിട്ട് വാങ്ങുന്ന ഫൈബറുകൾ മാറ്റ്, ബെഡ്, ഭൂവസ്ത്രം തുടങ്ങി വിവിധ ഉത്പന്നങ്ങളായി വിപണിയിലെത്തും.

നല്ല ഫൈബർ ഉത്പാദിപ്പിച്ചശേഷം വരുന്ന ഉപോത്പന്നങ്ങൾക്കു ലോക്കൽ മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ചകിരിച്ചോർ (കൊക്കോ പീറ്റ്) ആണ് പ്രധാന ഉപോത്പന്നം. ഇതു കോഴി ഫാമുകളിലേക്കും അഗ്രികൾച്ചർ ഫാമുകളിലേക്കുമാണു കയറ്റിപോകുന്നത്.
കോഴി ഫാമുകളിൽ തറയിൽ വിതറാൻ ചകിരിച്ചോറാണു കൂടുതലായും ഉപയോഗിക്കുന്നത്. ചെടികൾ കിളിർപ്പിക്കാനുള്ള കൂടകൾ നിറക്കുന്നതിനും അനുയോജ്യമാണ് ചകിരിചോർ. ഈർപ്പം നിലനിർത്തുന്നതിനോപ്പം ചെടികളുടെ വേരുകൾ പെട്ടെന്ന് വളരുന്നതിനും ഉത്തമമാണിത്.
മിച്ചം വരുന്ന മറ്റൊരു ഉത്പന്നമായ കൂഞ്ഞിൽ അഥവാ ബേബി ഫൈബറിനും ആവശ്യക്കാരെ. ഇഞ്ചി കർഷകരാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. ഇഞ്ചി കൃഷി വ്യാപകമായുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ നിന്ന് നിരവധി കർഷകരാണ് ബേബി ഫൈബർ അന്വേഷിച്ച് എത്തുന്നത്. ഈർപ്പം നിലനിറുത്തുകയും മണ്ണിന് ഇളക്കമുണ്ടാക്കുകയും ചെയ്യുന്നതു മൂലമാണ് ബേബി ഫൈബറിനു പ്രിയം വർധിക്കാൻ കാരണം.
പ്രധാന ഉത്പന്നമായ ക്ലിയർ ഫൈബർ, കയർ ഫെഡ് നേരിട്ടാണ് ശേഖരിക്കുന്നത്. തുടക്കത്തിൽ 22 രൂപവരെ വിലയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 14 രൂപ മാത്രമാണ് ലഭിക്കുന്നത്. ചകിരി നാരിൽനിന്നു മറ്റു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതിയും അന്പിളിക്കും ജോസിനുമുണ്ട്. കയർ യാർഡ് യൂണിറ്റ് തുടങ്ങാനുള്ള പദ്ധതി തയാറാക്കുന്നുണ്ട്.
ചകിരി നാരുപയോഗിച്ച് ഗാർഡൻ ട്രേയും മറ്റ് ഉത്പന്നങ്ങളും നിർമിക്കാനും ഉദ്ദേശമുണ്ട്. ചകിരി നാരിൽ അടങ്ങിയിരിക്കുന്ന ലിഗ്നിൻ എന്ന രാസ വസ്തു നീക്കം ചെയ്തു ജൈവവളം നിർമിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നു.
ഫോണ് : 9447413926, 9656413926.