അധിക മൂലധനം വേണ്ട, ജെെവ വളം നിർമിക്കാം
Tuesday, August 6, 2024 1:32 PM IST
അത്യുത്പാദനം വാഗ്ദാനം ചെയ്യുന്ന രാസവളങ്ങൾ കാലക്രമേണ മണ്ണിന്റെ ഘടനയെയും ജൈവമൂലകങ്ങളെയും സൂക്ഷ്മ ജീവികളെയും നശിപ്പിക്കുകയും ജൈവഘടനയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും.
ഈ തിരിച്ചറിവിൽ നിന്നാണു കർഷകർ ജൈവ വളങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. എന്നാൽ, മാർക്കറ്റിൽ ലഭ്യമാകുന്ന ജൈവവളങ്ങളുടെ വില പലപ്പോഴും അവർക്കു താങ്ങാനാവുന്നില്ല.
ഇവിടെയാണു സ്വന്തമായി ജൈവവളങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ ആവശ്യകത ബോധ്യമാകുന്നത്. കൃഷിയോടൊപ്പം ജൈവവളവും ഉത്പാദിപ്പിക്കുന്നതിന് അമിതമായ അധ്വാനമോ മൂലധനമോ ആവശ്യമില്ല. അതിനുള്ള മനസും ക്ഷമയും മതി.
ഡ്രാഗണ് ഫ്രൂട്ട് കൃഷിയിലൂടെ വനിതാ കർഷകർക്കു മാതൃകയായ, കൊല്ലം കാരംകോട് കൃഷ്ണതീർഥത്തിൽ റിട്ട. അധ്യാപിക രമാഭായിക്കു ലളിതമായ രീതിയിൽ ജൈവ വളങ്ങൾ നിർമിക്കാൻ പ്രത്യേക രീതി തന്നെയുണ്ട്.
കരിയില കന്പോസ്റ്റ്, മിക്സഡ് കന്പോസ്റ്റ്, അടുക്കള കന്പോസ്റ്റ്, ഫിഷ് അമിനോ, എഗ് അമിനോ എന്നിവയാണു ടീച്ചർ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇതു നിർമിക്കുന്നതിനാവശ്യമായ മദർ കൾച്ചറും ഇഫക്ടീവ് മൈക്രോവിയൻ സൊല്യൂഷനും (ഇഎം സൊല്യൂഷൻ) രമാഭായി സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്.
കുറഞ്ഞ വിലയിൽ ജൈവവളങ്ങൾ കർഷകരിലെത്തിക്കുകയാണ് ലക്ഷ്യം. കരിയില കന്പോസ്റ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നന്നായി ഉണങ്ങിയ കരിയിലകൾ ടാർപായ വിരിച്ച് അതിൽ നിരത്തുക.
അതിൽ മദർ കൾച്ചറോ, ഇഎം സൊല്യൂഷനോ സ്പ്രേ ചെയ്യുക. മൂന്നു മാസം കൊണ്ട് കരിയില പൊടിഞ്ഞു പൊടി രൂപത്തിലാകും. തേയിലപ്പൊടി പോലെ ആകുന്ന കരിയിലപ്പൊടി വളമായി പ്രയോഗിക്കാം.
കരിയില, പച്ചിലകൾ, ചക്ക മടൽ, ഓലക്കാൽ, മരച്ചീനിയുടെ തോട്, ചക്ക, പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, ആട്ടിൻ കാഷ്ഠം, കോഴിവളം, ചാണകപ്പൊടി, ചാരം തുടങ്ങിയവ എല്ലാം മിക്സഡ് കന്പോസ്റ്റിന് ഉപയോഗിക്കാം.
ഇവ പരന്ന പാത്രത്തിലോ ടാർപ്പാളിലോ എടുക്കുക. മദർ കൾച്ചറോ, ഇഎം സൊല്യൂഷനോ സ്പ്രേ ചെയ്യുക. മൂന്നു മാസത്തിനകം പൊടി രൂപത്തിലാകും. കൂടുതൽ പോഷകമൂല്യവും ധാതുലവണങ്ങളും മൈക്രോ ന്യൂട്രീഷനുകളുമുള്ള ഈ വളം വളരെ മികച്ചതാണ്.

ഇതേ രീതിയിൽ തന്നെയാണ് അടുക്കള കന്പോസ്റ്റും തയാറാക്കുന്നത്. അടുക്കളയിലെ മാലിന്യങ്ങൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ, കൊഞ്ച്, ചെറിയ ഞണ്ട് എന്നിവയുടെ തോടുകൾ, കോഴിമാലിന്യം എന്നിവയെല്ലാം വളമുണ്ടാക്കാൻ പ്രയോജനപ്പെടുത്താം.
ഇതിൽ ഇഎം സൊല്യൂഷൻ സ്പ്രേ ചെയ്യണം. മൂന്നു മാസം കഴിഞ്ഞ് വളമായി ഉപയോഗിക്കാം. മികച്ച കായ്ഫലം ലഭിക്കാൻ പച്ചില ദ്രാവകം വളമായി പ്രയോഗിക്കാം. വേപ്പില, മുരിങ്ങയില, മറ്റ് ഇലകൾ എന്നിവ ബക്കറ്റിൽ നിറച്ച് വെള്ളം ഒഴിച്ചിടുക.
ഒരാഴ്ച കഴിയുന്പോൾ നല്ല ദ്രാവകമായി മാറും. ഇതിൽ പത്തിരട്ടി വെള്ളം ചേർത്ത് വളമായി പ്രയോഗിക്കാം. നൈട്രജന്റെ അംശം കൂടുതലായതിനാൽ നല്ല വിളവ് ലഭിക്കും. പലതരം മത്സ്യങ്ങൾ മിക്സഡ് ഫിഷ് അമിനോയ്ക്ക് ഉപയോഗിക്കാം.
ഒരു കിലോ മത്സ്യം ഒരു കിലോ ശർക്കരയുമായി മിക്സ് ചെയ്യുക. (നനവില്ലാത്തതായിരിക്കണം) മത്സ്യങ്ങൾ കൂടാതെ ചെറിയ ഞണ്ട് കൊഞ്ച് എന്നിവയുടെ തോടുകളും ചേർക്കാം. പച്ച പപ്പായയുടെ കറയോ തൊലിയോ ചേർത്താൽ വേഗത്തിൽ ദ്രാവക രൂപത്തിലാകും.
ഇത് അരിച്ചെടുത്ത് വളമായി പ്രയോഗിക്കാം. എല്ലാ മൂലകങ്ങളും മൈക്രോ ന്യൂട്രിനുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ മെച്ചപ്പെട്ട വിളവ് ലഭിക്കും. മുട്ടയും ശർക്കരയും ഉപയോഗിച്ചും ഇതേ രീതിയിൽ എഗ് അമിനോ ഉണ്ടാക്കാം.
മാലിന്യങ്ങൾ ജൈവവളത്തിനായി മാറുന്പോൾ സ്വാഭാവികമായും പരിസര ശുചീകരണവും സംഭവിക്കും.
ഫോണ്: 93499 37641