വേണം കോർട്ട് ഫീ സ്റ്റാന്പിനും "ഇ-പെയ്മെന്‍റ് ’
വേണം കോർട്ട് ഫീ സ്റ്റാന്പിനും "ഇ-പെയ്മെന്‍റ് ’
Saturday, October 5, 2019 3:25 PM IST
ഒരു കന്പനിക്ക് ജിഎസ്ടിവകുപ്പിൽ നിന്നും നികുതി ബാധ്യതയുമായി ഒരു ഉത്തരവ് കിട്ടി. ബാധ്യത അത്ര ബോധ്യമാകാത്തത് കൊണ്ട് അപ്പീലിന് പോകണം എന്ന് തീരുമാനിച്ചു. കന്പനി വിദേശ ബന്ധം ഉള്ളതാണ്. അതിനാൽ ആഭ്യന്തര, സാങ്കേതിക, നിയമസഹായ കടന്പകളൊക്കെ കടന്നു തീരുമാനം ആയപ്പോഴേക്കും ഒരു വെള്ളിയാഴ്ച ആയി.

ഇനി രണ്ടാം ശനിയാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ചയാണ് അപ്പീലിനുള്ള അവസാന നല്ല ദിവസം. കോടതി ഫീസ് അടയ്ക്കണം. അതു കോർട്ട് ഫീ സ്റ്റാന്പ് ആയാണ് നൽകേണ്ടത്. അതായത് ട്രിബ്യൂണൽ അഥവാ അപ്പീ ൽ അതോറിറ്റി മുന്പാകെ അപ്പീൽ ഫയ ൽ ചെയ്യണമെങ്കിൽ ലീഗൽ ബെനെഫിറ്റ് ഫണ്ടിലേക്ക് തർക്കത്തിലുള്ള തുകയുടെ ഒരു ശതമാനം അടയ്ക്കണം. കൂടാതെ മുക്തിയാർ അഥവാ വക്കാലത്തിനുള്ള കോടതി ഫീസിന്‍റെ പകുതിയും ഈ ഫണ്ടിലേക്ക് വരവ് വയ്ക്കും.

കേരളത്തിലെ പ്രജകൾക്കു കാര്യക്ഷമമായ നിയമ സഹായം, അതു നൽകുവാൻ നിയോഗിക്കപ്പെട്ട നിയമജ്ഞരുടെ സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമാക്കിയാണ് ഈ ലെവി. അതായത് നിയമ സഹായം നല്ല ചെലവുള്ള കാര്യമാണ്.

സാധാരണ, കോർട്ട് ഫീ സ്റ്റാന്പ് ആയാണ് ഇതടയ്ക്കുക. തുക പണമായോ കൂടുതലാണെങ്കിൽ ചെക്കോ ഡ്രാഫ്റ്റ് ആയോ സ്വീകരിക്കും. സാമാന്യം വലിയ തുകയാണെങ്കിൽ ഇന്ന് ഫണ്ട് കൈമാറ്റം ചെയ്യാ ൻ ഏറ്റവും എളുപ്പം ആർടിജിഎസ്, നെഫ്റ്റ് തുടങ്ങിയ ഇലക്ട്രോണിക് രീതി വഴിയാണ്. എന്നാൽ ജില്ലാ സ്റ്റാന്പ് ഡിപ്പോ കൈമലർത്തുന്നു. അവർക്ക് അങ്ങിനെ സ്റ്റാന്പ് തുക സ്വീകരിക്കാനാവില്ല.

താരതമ്യേന മുദ്ര പത്രമാണെങ്കിൽ തുക സ്റ്റാന്പ് ആയി അടയ്ക്കാൻ സൗകര്യം തന്നിട്ടുണ്ട്. തുക ഒരു ലക്ഷത്തിലധികം വരുന്നെങ്കിൽ ഇ-സ്റ്റാന്പ് ആയി തന്നെ അടയ്ക്കണം. സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടയ്ക്കാൻ ഇങ്ങനെ സൗകര്യം ഉണ്ട്.

ലീഗൽ ബെനെഫിറ്റ് ഫണ്ടിലേക്കൊണങ്കിൽ രൊക്കം പണമോ ചെക്കോ ഡ്രാഫ്റ്റ് ആയോ മാത്രമേ അടയ്ക്കാനാവു എന്നു പറഞ്ഞല്ലോ. എന്നാൽ ഇന്നത്തെ കാലത്ത് ഇത് എന്തെല്ലാം അസൗകര്യം വരുത്തുന്നു എന്ന് നോക്കുക.


ചില വിദേശ ബന്ധമുള്ള കന്പനികൾക്ക് ഇന്ത്യയിൽ പണമായി ചെലവ് ചെയ്യുന്നതിന് സ്വമേധയാ നിയന്ത്രണം ഉണ്ട്. ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡു വഴിയാണ് പണം അത്യാവശ്യത്തിനു പിൻവലിക്കുക. അതിനാകട്ടെ ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന തുകയ്ക്ക് ബാങ്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മേൽപറഞ്ഞ തുക രണ്ടു ലക്ഷത്തിലധികം വരുന്ന ഒരു കേസ് എടുക്കാം. അപ്പീൽ ഫയൽ ചെയ്യാനും ഫീസടയ്ക്കാനും ഒക്കെ അധികം ദിവസം കിട്ടണം എന്നില്ല. ചെക്ക് കൊടുത്താൽ അടയ്ക്കേണ്ട സ്ഥലത്തിനു പുറത്തു നിന്നാണെങ്കിൽ ഒരാഴ്ച എങ്കിലും ബാങ്ക് കളക്ഷന് സമയം ചോദിക്കും. ഡിമാണ്ട് ഡ്രാഫ്റ്റ് കളക്ഷനും സമയം എടുക്കാം. പെട്ടെന്ന് അടയ്ക്കണം എങ്കിൽ പണം തന്നെ ശരണം.

എന്നാൽ മേൽപറഞ്ഞ കന്പനി എന്ത് ചെയ്യും? പണം തരപ്പെടുത്താനായില്ലെങ്കിൽ അവസാന ദിവസം ഫീസ് അടയ്ക്കുന്നതി ൽ പരാജയപ്പെടും.

നമ്മൾ ഡിജിറ്റൽ യുഗത്തിൽ ആണെന്ന് സർക്കാർ നാഴികയ്ക്ക് നാൽപ്പതു വട്ടം ആണയിടുന്നു. സർക്കാരിന് നൽകുന്ന തുക ഒഴികെ, ആദായ നികുതി നിയമപ്രകാരം രണ്ടു ലക്ഷം രൂപയി ൽ കൂടുതൽ രൊക്കം പണമായി കൊടുക്കാനാവില്ല. രൊക്കം പണമായുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഈ വർഷം മുതൽ ഒരു കോടിയിലധികം പണം പിൻവലിച്ചാൽ അധികമുള്ള തുകയ്ക്ക് 2% നികുതി വരും എന്നും പറയുന്നു.

ഇലക്ട്രോണിക് പെയ്മെൻറ് ആണ് കാലോചിതമായി അംഗീകരിക്കപ്പെടുന്നത്. ബാങ്കുകൾക്കും സൗകര്യം.

വേണം, കോർട്ട് ഫീ സ്റ്റാന്പിനും ഇ-പെയ്മെൻറ്. ലീഗൽ ബെനെഫിറ്റ് ഫണ്ടിലേക്ക് എന്നല്ല സർക്കാരിലേക്കും മറ്റു ഏതു സ്ഥാപനത്തിലേക്കും അഥവാ നിയമപരമായി അടയ്ക്കേണ്ട എല്ലാ തുകകൾക്കും ഈ ഡിജിറ്റൽ യുഗത്തിൽ ഇലക്ട്രോണിക് ആയി പണം കൈമാറാ ൻ സൗകര്യമുണ്ടാകണം. സർക്കാർ അതു ലഭ്യമാക്കണം.

ലൂക്കോസ് ജോസഫ് CA
അനിൽ പി നായർ CA