സ്വര്‍ണ ബോണ്ട്
Tuesday, April 21, 2020 3:46 PM IST
ഭൗതിക സ്വര്‍ണത്തിലുള്ള നിക്ഷേപത്തിനു പകരമായി ഗവണ്‍മെന്‍റ് പുറത്തിറക്കിയിട്ടുള്ള സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് സ്വര്‍ണ ബോണ്ട്. ഗവണ്‍മെന്‍റിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് പുറത്തിറക്കുന്നത്. ഇഷ്യു വില നല്‍കി നിക്ഷേപകന് സെബി അംഗീകൃത ബ്രോക്കറില്‍നിന്നു സ്വര്‍ണബോണ്ട് വാങ്ങാം. ഈ ബോണ്ട് റിഡീം ചെയ്യുമ്പോള്‍ ലഭിക്കുന്ന തുക നിക്ഷേപകന്‍റെ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും.
സ്വര്‍ണ ബോണ്ടുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ വ്യാപാരവും നടക്കുന്നുണ്ട്.
പ്രധാന സവിശേഷതകള്‍
* ബോണ്ടിന്‍റെ മുഖവിലയില്‍ 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.
* പലിശ അര്‍ധവാര്‍ഷികമായി നിക്ഷേപകന്‍റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അവസാന ഗഡു പലിശ ബോണ്ട് കാലാവധിയാകുമ്പോള്‍ നിക്ഷേപത്തുകയ്ക്ക്് ഒപ്പമാണ് ലഭിക്കുക.
* സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ചുള്ള പലിശ കിട്ടുന്നു
* നിക്ഷേപത്തുകയ്ക്കും പലിശയ്ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ ഗാരന്‍റിയുണ്ട്്.
* കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്.
* കൂടിയ നിക്ഷേപം: വ്യക്തികള്‍ക്ക് 4 കിലോഗ്രാം. ഹിന്ദു അവിഭക്ത കുടുംബത്തിന് 4 കിലോഗ്രാം. ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം.
* ഡീമാറ്റ്, പേപ്പര്‍ രീതികളില്‍ ലഭ്യമാണ്
* നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നേട്ടങ്ങള്‍
* സമ്പൂര്‍ണ സുരക്ഷിതത്വം. ഭൗതിക സ്വര്‍ണം കൈകാര്യം ചെയ്യുന്നതിലെ റിസ്‌ക് ഇല്ല.
* ഇഷ്യു വിലയില്‍ 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നു.
* പലിശയില്‍ ടിഡിഎസ് പിടിക്കുകയില്ല
* കാലാവധിക്കു മുമ്പേ ബോണ്ട് കൈമാറ്റം ചെയ്താല്‍ ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് എടുക്കാം.
* ബോണ്ട് റിഡീം ചെയ്യുമ്പോള്‍ മൂലധന വളര്‍ച്ചാ നികുതി ഇല്ല.
* ഗോള്‍ഡ് ബോണ്ടിന്‍റെ വില 999 ശുദ്ധ സ്വര്‍ണവുമായി ( 24 കാരറ്റ്) ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ ബുള്ളിയന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വിലയാണ് സ്വീകരിക്കുക.
* ബോണ്ട് എളുപ്പം വിറ്റഴിക്കാം. ബോണ്ടിന്‍റെ കാലാവധി എട്ടു വര്‍ഷമാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം പലിശ നല്‍കുന്ന സമയത്ത് ആവശ്യമെങ്കില്‍ പണമാക്കി മാറ്റാം.
* എന്‍എസ്ഇയില്‍ ബോണ്ട് കൈമാറ്റം ചെയ്യാം. മുമ്പ് പുറത്തിറക്കിയ എല്ലാ സ്വര്‍ണ ബോണ്ടുകളും എക്‌സ്‌ചേഞ്ചില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
* ബോണ്ട് ഈടു വച്ച് വായ്പ എടുക്കാം.
നിക്ഷേപകന് ചെയ്യാവുന്നത്
നിലവില്‍ കൈവശമുള്ള സ്വര്‍ണത്തെ രണ്ടായി തിരിക്കാം.
1. നിക്ഷേപത്തിനു യോജിച്ചത്. ഒരിക്കലും ഉപയോഗിക്കാത്ത ആഭരണങ്ങള്‍, സ്വര്‍ണനാണയം, സ്വര്‍ണബാര്‍ തുടങ്ങിയവ.
2. ആഭരണമായി ഉപയോഗിക്കുന്നത്. അതില്‍ ആഭരണമായിട്ടുള്ളത് സൂക്ഷിക്കുകയും ശേഷിച്ചത് സ്വര്‍ണ ബോണ്ടാക്കി മാറ്റുകയും ചെയ്യാം.

പുതിയതായി വാങ്ങുമ്പോള്‍
സാധാരണ കല്യാണാവശ്യത്തിനായാണ് സ്വര്‍ണം സ്വരൂക്കൂട്ടുന്നത്. ഇതിനായി ബോണ്ടില്‍ സ്വര്‍ണം സ്വരൂക്കൂട്ടാം. ഇവിടെ മേക്കിംഗ് ചാര്‍ജ് നല്‍കേണ്ട.
സ്വര്‍ണം വാങ്ങേണ്ട ആവശ്യം വരുമ്പോള്‍ ബോണ്ട് പണമാക്കി മാറ്റി ആഭരണം വാങ്ങാം. ഇതുവഴി സ്വര്‍ണം സ്വരൂക്കൂട്ടുന്നതിനുള്ള ചെലവു കുറയുന്നു. മേക്കിംഗ് ചാര്‍ജ് കുറയുന്നു. കൂടുതല്‍ സ്വര്‍ണം ഒരുമിച്ച് എടുക്കുവാന്‍ കഴിയുകയും ഡിസ്‌കൗണ്ട് ലഭിക്കുകയും ചെയ്യുന്നു.
വിവിധ നിക്ഷേപ രീതികൾ തമ്മിലുള്ള താരതമ്യം
റിട്ടേണ്‍
(ഒരേ സമയത്ത് വാങ്ങിയ സ്വർണം ഒരേസമയം വിൽക്കുന്പോൾ ലഭിക്കുന്ന റിട്ടേൺ. ഭൗതിക സ്വർണം വിൽക്കുന്പോൾ പണിക്കൂലി, പണിക്കുറവ് കുറയും. ഇടിഎഫിൽ പല ഫണ്ടിലും റിട്ടേൺ വ്യത്യസ്തമായിരിക്കും. ഗോൾഡ് ബോണ്ടിൽ രണ്ടര ശതമാനം റിട്ടേൺ ഉറപ്പാണ്.)
ഭൗതിക സ്വര്‍ണം - കുറവ്
ഗോള്‍ഡ് ഇടിഎഫ് - കുറവ്
ഗോള്‍ഡ് ബോണ്ട് - താരതമ്യേന മെച്ചം
സുരക്ഷിതത്വം
ഭൗതിക സ്വര്‍ണം - കൈകാര്യം ചെയ്യുന്നതിലെ റിസ്‌ക്
ഗോള്‍ഡ് ഇടിഎഫ് - ഉയര്‍ന്നത്
ഗോള്‍ഡ് ബോണ്ട് - ഉയര്‍ന്നത്
സ്വര്‍ണശുദ്ധി
ഭൗതിക സ്വര്‍ണം- ഉറപ്പില്ല
ഗോള്‍ഡ് ഇടിഎഫ് - ഉയര്‍ന്നത്
ഗോള്‍ഡ് ബോണ്ട് - ഉയര്‍ന്നത്
മൂലധന വളര്‍ച്ച
ഭൗതിക സ്വര്‍ണം- 3 വര്‍ഷത്തിനുശേഷം ദീര്‍ഘകാല മൂലധന വളര്‍ച്ച ബാധകം
ഗോള്‍ഡ് ഇടിഎഫ് - 3 വര്‍ഷത്തിനുശേഷം ദീര്‍ഘകാല മൂലധന വളര്‍ച്ച ബാധകം
ഗോള്‍ഡ് ബോണ്ട് - 3 വര്‍ഷത്തിനുശേഷം ദീര്‍ഘകാല മൂലധന വളര്‍ച്ച ബാധകം
പണയം വയ്ക്കല്‍
ഭൗതിക സ്വര്‍ണം - സാധിക്കും
ഗോള്‍ഡ് ഇടിഎഫ് - സാധിക്കില്ല
ഗോള്‍ഡ് ബോണ്ട് - സാധിക്കും
വിറ്റഴിക്കല്‍
ഭൗതിക സ്വര്‍ണം- കടകളില്‍ വില്‍ക്കാം
ഗോള്‍ഡ് ഇടിഎഫ് - എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യാം
ഗോള്‍ഡ് ബോണ്ട് - എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യാം. 5 വര്‍ഷത്തിനുശേഷം റിഡീം ചെയ്യാം.
സൂക്ഷിക്കാനുള്ള ചെലവ്
ഭൗതിക സ്വര്‍ണം - ഉയര്‍ന്നത്
ഗോള്‍ഡ് ഇടിഎഫ് - വളരെ കുറവ്
ഗോള്‍ഡ് ബോണ്ട് - വളരെ കുറവ്.
കെ മനോജ്കുമാര്‍
ചീഫ് ഇന്‍വെസ്റ്റ്‌മെന്‍റ് ഓഫീസര്‍
കെഎംകെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്