ഫേസ്ബുക്കിലെ "ഭാവി' പരീക്ഷണം വേണ്ട...
Wednesday, February 6, 2019 2:54 PM IST
കോഴിക്കോട്: ഫേസ്ബുക്കിലെ ഭാവി പ്രവചന ലിങ്കുകളില്‍ പരീക്ഷണം വേണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. ഭാവി അറിയാന്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നാണ് പോലീസ് പറയുന്നത്. " അടുത്ത ജന്മത്തില് നിങ്ങള്‍ ആരാകും? ,
നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും?, ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ... തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവര്‍ ജാഗ്രതപാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് . ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാര്‍ക്ക് നല്കുന്നതെന്നോര്ക്കുക.
ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്.
മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളുടെ അക്കൗണ്ടില്‍ സെക്യൂരിറ്റി സെറ്റിങ്സില്‍ ആപ്പ്സ് ആന്‍ഡ് വെബ്സൈറ്റ്സ് മെനുവിലൂടെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണുവാന്‍ സാധിക്കും.
അതിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക. വ്യാജആപ്പുകള്‍ വഴി ഡാറ്റാ ഷെയറിംഗ് ഓപ്ഷനിലൂടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആപ്പ്സ്, വെബ്സൈറ്റ്സ് ആന്‍ഡ് ഗെയിംസ് മെനുവില്‍ സെറ്റിംഗ്സ് ടേണ്‍ ഓഫ് ചെയ്യുക. കൂടാതെ ഫേസ്ബുക്കിന്റെ സെറ്റിങ്സില്‍ സെക്യൂരിറ്റി ആന്‍ഡ് ലോഗിന്‍ തെരഞ്ഞെടുത്താല്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാമെന്നുമാണ് പോലീസ് പറയുന്നത്.