ടര്‍ക്കിഷ് വിഭവങ്ങള്‍
തുര്‍ക്കിയിലെ ഏതാനും വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സാലേപ്

ചേരുവകള്‍
ഗോതമ്പുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - രണ്ടു ടേബിള്‍സ്പൂണ്‍
പാല്‍ -നാലുകപ്പ്
പട്ടപ്പൊടി (അലങ്കരിക്കാന്‍) -കുറച്ച്

തയാറാക്കുന്നവിധം
ഒരു ചെറിയ സോസ്പാനില്‍ ഗോതമ്പുപൊടിയും പഞ്ചസാരയും ഇട്ട് പാലൊഴിച്ച് ചെറുതീയില്‍ പതിയെ ഇളക്കി പഞ്ചസാര അലിയിക്കുക. പത്തുമിനിറ്റോളം അടുപ്പത്തുവച്ച് കുറുകാന്‍ അനുവദിക്കണം. ഇത് ചൂടോടെതന്നെ കപ്പുകളിലേക്കു പകര്‍ന്ന് മീതെ പട്ടപ്പൊടി ഇട്ട് അലങ്കരിച്ചു വിളമ്പാം.

ടര്‍ക്കിഷ് ടീ

ചേരുവകള്‍
തേയില - അഞ്ചു ടേബിള്‍സ്പൂണ്‍
വെള്ളം - കാല്‍ക്കപ്പ്

തയാറാക്കുന്നവിധം
കാല്‍ക്കപ്പ് വെള്ളം ഒരു ചെറിയ പാത്രത്തില്‍ ഒഴിച്ച്, കുറേ വെള്ളം എടുത്ത് അല്‍പംകൂടി വലിയ പാത്രത്തിലേക്ക് ഇറക്കിവച്ച് തിളപ്പിക്കുക. അഞ്ചുമിനിറ്റിനു ശേഷം അല്‍പം വെള്ളംകൂടി ചെറിയ പാത്രത്തില്‍ ഒഴിച്ച് തേയിലയിട്ട് 10/ 15 മിനിറ്റ് ചെറുതീയില്‍ വയ്ക്കണം. ഇത് ഗ്ലാസിലേക്ക് തെളിച്ചൂറ്റി കുടിക്കുക.

സ്‌മോക്ക്ഡ് ബ്രിഞ്ചാള്‍ പ്യൂരി

ചേരുവകള്‍
കത്തിരിക്ക (ഇടത്തരം വലിപ്പം) രണ്ടെണ്ണം
നാരങ്ങാനീര് (ഇടത്തരം വലിപ്പം) - രണ്ടു നാരങ്ങയുടേത്
വെളുത്തുള്ളി (ചതച്ചത്) - മൂന്ന് അല്ലി
കട്ടത്തൈര് - 150 മില്ലി
ദില്‍ (ചെറുതായി അരിഞ്ഞത്) (സൂപ്പര്‍ബസാറുകളില്‍ നിന്നു ലഭിക്കും) - ഒരുകെട്ട്

തയാറാക്കുന്നവിധം
കത്തിരിക്ക രണ്ടായി നെടുകെ മുറിച്ച് തീക്കനലില്‍ കാണിച്ച് ചുട്ട് ഉള്‍വശം മയമാക്കുക. തൊലി ദൃഢമായിരിക്കും. ഒരു സ്പൂണിന്റെ സഹായത്താല്‍ ഉള്‍ഭാഗം ചൂഴ്‌ന്നെടുത്ത് ബൗളില്‍ ഇച്ച് ഫോര്‍ക്കുകൊണ്ട് നന്നായി ഉടയ്ക്കുക. നല്ല കട്ടിയായ പള്‍പ്പ് ലഭിക്കും. ഇതിലേക്ക് നാരങ്ങാനീരും ചതച്ചുവച്ച വെളുത്തുള്ളിയും തൈരും ദില്ലും ചേര്‍ക്കുക. ചൂടോടെ വിളമ്പാം.

മട്ടണ്‍ പുലാവ്

ചേരുവകള്‍
ആട്ടിറച്ചി (ചെറിയ കഷണങ്ങളാക്കിയത്) - 500 ഗ്രാം
പട്ട (ഒരിഞ്ച് നീളത്തില്‍ രണ്ടായി മുറിച്ചത്) - രണ്ട് എണ്ണം
ബദാം - ഒരുപിടി
ഒലിവെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
സവാള (രണ്ടായി മുറിച്ച് നീളത്തില്‍ അരിഞ്ഞത്) - ഒരെണ്ണം
ബസുമതിഅരി - 250 ഗ്രാം
മട്ടണ്‍ സ്റ്റോക്ക് ക്യൂബ് - ഒരെണ്ണം
ആപ്രിക്കോട്ട് -12 എണ്ണം
പുതിനയില (ചെറുതായി അരിഞ്ഞത്) - ഒരുപിടി
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം
ബദാം ഒരു വലിയ പാനിലിട്ട് ചെറുതായി ടോസ്റ്റ് ചെയ്ത് ഒരു പ്ലേറ്റിലേക്കു മാറ്റുക. പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി സവാളയും പട്ടയും ഇറച്ചിയും ഇട്ട് വറുത്ത് പൊന്‍നിറമാക്കണം. തീയ് അല്‍പംകൂട്ടി ഇറച്ചിയുടെ നിറം മാറുംവരെ വറുക്കുക. തുടര്‍ന്ന് അരിയിട്ട് ഒരു മിനിറ്റ് വറുക്കണം. തുടരെ ഇളക്കി 500 മില്ലി വെള്ളം ഒഴിക്കുക. സ്റ്റോക്ക് ക്യൂബ് ഉടച്ചിട്ട ശേഷം ആപ്രിക്കോട്ട് ചേര്‍ക്കാം. ഉപ്പിട്ട ശേഷം ചെറുതീയാക്കുക. പത്തു മിനിറ്റ് ചെറുതീയില്‍ വച്ച് അരിയില്‍ സ്റ്റോക്ക് മുഴുവന്‍ ആഗിരണം ചെയ്യാന്‍ അനുവദിക്കണം. ബദാമും പുതിനയിലയും ചേര്‍ത്ത് ടോസ്റ്റ് ചെയ്ത് വിളമ്പാം.


കുസു തണ്ടീര്‍

ചേരുവകള്‍
ആട്ടിന്‍കാല് - ഒരു കിലോ
ഒലിവെണ്ണ - കാല്‍ കപ്പ്
നാരങ്ങാനീര് - രണ്ടു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പുതിനയില - മൂന്നു തണ്ട്
ബേലീഫ് - രണ്ട് എണ്ണം
വെള്ളം - കാല്‍ക്കപ്പ്
വെളുത്തുള്ളി - രണ്ട് അല്ലി

തയാറാക്കുന്നവിധം
ഒരു ബൗളില്‍ ഒലിവെണ്ണ, നാരങ്ങാനീര്, കുരുമുളകുപൊടി, ഉപ്പ്, പുതിനയില എന്നിവയിട്ട് നന്നായി ഇളക്കിവയ്ക്കുക. ഇത് ആട്ടിന്‍കാലുകള്‍ക്ക് മീതെ ഒഴിച്ച് നന്നായി പിടിപ്പിക്കണം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് മേല്‍പറഞ്ഞ മിശ്രിതം പകര്‍ന്ന് ആട്ടിന്‍കാലുകള്‍ തിരിച്ചും മറിച്ചുമിട്ട് (ഒരു മിനിറ്റ് വീതംവച്ച്) ഇളം ബ്രൗണ്‍ നിറമാക്കുക. ബേലീഫ്, വെളുത്തുള്ളിയല്ലി, കാല്‍ക്കപ്പ് വെള്ളം എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കണം. അടച്ച് ചെറുതീയില്‍ വച്ച് ഇറച്ചി വെന്താല്‍ വാങ്ങാം.

അഡാനാ കബാബ്

ചേരുവകള്‍
ആട്ടിറച്ചി കീമ - ഒരു കിലോ
ചുവപ്പ് കാപ്‌സിക്കം(ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
സവാള - ഒരെണ്ണം
മധുരക്കിഴങ്ങ് (ഇടത്തരം വലിപ്പമുള്ളത്) - ഒരെണ്ണം
മല്ലിയില (ചെറുതായി അരിഞ്ഞത്) - ഒരു കെട്ട്
പുതിനയില - കാല്‍ കപ്പ്

പൊടികള്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മാതളനാരങ്ങാക്കുരു പൊടിച്ചത് - ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
(പൊടികളെല്ലാം നന്നായി അരച്ചുവയ്ക്കുക)

കബാബ് തയാറാക്കാം
ആദ്യം അരച്ചുവച്ച കീമ മിശ്രിതം ഒരു സ്‌കൂവറിന് ചുറ്റുമായി തേച്ചുപിടിപ്പിക്കുക. അല്‍പം വീതിയിലായിരിക്കണം. കണ്ടാല്‍ തോട് നീക്കിയ ഒരു വാളന്‍പുളിക്ക് സമാനമായി തോന്നും ഇത്. ഒരു പാനില്‍ കുറച്ച് എണ്ണയൊഴിച്ച് അതില്‍ തയാറാക്കിയ സ്‌ക്യൂവറുകള്‍ വച്ച് ഇരുവശവും ചൂടാക്കുക. അല്‍പനേരത്തിനു ശേഷം ഇവ സ്‌കൂവറുകളില്‍നിന്ന് വേര്‍പെടുത്തി ഇടണം. എണ്ണയില്‍ കിടന്ന് ഇരുവശവും കരുകരുപ്പാകുമ്പോള്‍ കോരുക.

സാലഡിനു വേണ്ട ചേരുവകള്‍

സവാള (നീളത്തില്‍ അരിഞ്ഞത്) - ഒരെണ്ണം
തക്കാളി (ചെറുതായി അരിഞ്ഞത്) - ഒരെണ്ണം
പുതിനയില - കുറച്ച്
പാഴ്‌സലിയില- കുറച്ച്
ഉപ്പ് - പാകത്തിന്
ഒലിവെണ്ണ - ഒരു ടീസ്പൂണ്‍
എണ്ണ - വറുക്കാന്‍
(ഇത്രയും ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് നന്നായി ഞെരടി യോജിപ്പിച്ച് വയ്ക്കണം)

ഇന്ദു നാരായണ്‍
തിരുവനന്തപുരം