അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാന്‍ കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന്‍ ഹാരിസിന് ഞാന്‍ നന്ദി പറയുന്നു. എന്നും അമ്മ എന്റെയുള്ളില്‍ ഉണ്ടായിരിക്കും. പത്തൊമ്പതാം വയസില്‍ ഇന്ത്യയില്‍നിന്ന് ഇവിടെ എത്തുമ്പോള്‍ ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് അമ്മ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. പക്ഷേ, ഒരുനാള്‍ ഇത്തരമൊരു നിമിഷം അമേരിക്കയില്‍ യാഥാര്‍ഥ്യമാകുമെന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. ഞാനിപ്പോള്‍ അമ്മയെ ഓര്‍ക്കുന്നു. അമ്മയെ മാത്രമല്ല, പല തലമുറകളായി ജീവിച്ചുപോന്ന സ്ത്രീകളെ ഓര്‍ക്കുന്നു. ഒരുപക്ഷേ ഈ പദവിയിലെത്തുന്ന ആദ്യ വനിത ഞാനായിരിക്കാം. എന്നാല്‍ ഒരിക്കലും അവസാനത്തെ വനിത ഞാനാകില്ല എന്നെനിക്ക് ഉറപ്പുണ്ട്. എന്തെന്നാല്‍, ഇന്നെന്നെ കാണുന്ന ഓരോ പെണ്‍കുട്ടിയും തിരിച്ചറിയുന്നുണ്ടാകും ഈ രാജ്യം സാധ്യതകളുടേതാണ്!'

ഡെലവെയറിലുള്ള വില്‍മിംഗ്ടണിലെ വേദിയില്‍ യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞ ഈ വാക്കുകള്‍ ചരിത്രമാണ്. വരുംതലമുറയ്ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്ന ചരിത്രം.

ഇന്ത്യയുടെ കമല

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇക്കുറി ഇന്ത്യക്കാര്‍ക്കും ഏറെ പ്രധാനപ്പെതായിരുന്നു. രാഷ്ട്രീയത്തിനപ്പുറം ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വിജയത്തിലേക്കാണു രാജ്യം കണ്ണുംനട്ടിരുന്നത്. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഒപ്പം കൂട്ടിയത് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെയാണെന്നറിഞ്ഞപ്പോള്‍ ആരംഭിച്ചതാണ് ഈ കാത്തിരിപ്പ്.

കമലയുടെ വിജയം പ്രഖ്യാപിച്ച നിമിഷം അവരുടെ വേരുകളുറങ്ങുന്ന തുളസേന്തിപുരത്തുയര്‍ന്ന ആഹ്ലാദത്തിന്റെ അലകള്‍ രാജ്യമാകെ പടര്‍ന്നു. തമിഴ്‌നാട്ടിലെ തുളസേന്തിപുരം സ്വദേശിയായ ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ സ്വദേശിയായ ഡൊണാള്‍ഡ് ഹാരിസിന്റെയും മൂത്തമകളായി 1964 ഒക്ടോബര്‍ ഇരുപതിന് കലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡില്‍ കമല ദേവി ഹാരിസ് ജനിച്ചു.

തൊട്ടതെല്ലാം ചരിത്രം

2019ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജന്മദിനത്തില്‍ കമല ഹാരിസ് തെരഞ്ഞെടുപ്പിലേക്ക് തന്റെ പേര് സ്വയം നിര്‍ദേശിച്ചു. താന്‍ ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാര്‍ഥിയാകും എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കമല തെരഞ്ഞെടുപ്പു രംഗത്തേക്കു കടന്നുവന്നത്. ഒടുവില്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കമല വാക്കുപാലിച്ചു, അവര്‍ ചരിത്രം സൃഷ്ടിച്ചു.

ഇതുവരേയും തൊട്ടതെല്ലാം ചരിത്രമാക്കി മാറ്റിയ വനിതകൂടിയാണ് കമല. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടത്തിന് ഉടമ മാത്രമല്ല വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയും ഇന്ത്യന്‍വംശജയും കമല ഹാരിസ് തന്നെ.

അമ്മയെന്ന ബലം

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള മനോഹരമായ കുട്ടിക്കാലം അഞ്ചാം വയസില്‍ കമലയ്ക്കു നഷ്ടപ്പെട്ടു. ഹാരിസുമായി വേര്‍പിരിഞ്ഞശേഷം കമലയേയും അനിയത്തി മായയേയും ശ്യാമള വളര്‍ത്തിയത് ഒറ്റയ്ക്കാണ്. ജമൈക്കക്കാരനായ അച്ഛന്റെ സംസ്‌കാരത്തിനൊപ്പം തന്നെ ഇന്ത്യയുടെ സംസ്‌കാരവും മക്കള്‍ക്കു പകര്‍ന്നുനല്‍കാന്‍ ശ്യാമള പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നു കമല പറയുന്നു.

കറുത്തവര്‍ഗക്കാരായ രണ്ടു പെണ്‍കുട്ടികളെയാണു താന്‍ വളര്‍ത്തുന്നത് എന്ന പൂര്‍ണ ബോധ്യം അമ്മയ്ക്കുണ്ടായിരുന്നുവെന്നു 'ദി ട്രൂത്ത്‌സ് വി ഹോള്‍ഡ്' എന്ന ആത്മകഥയില്‍ കമല എഴുതി. 'അമ്മയുടെ നാട് ഞങ്ങളെ അങ്ങനെയേ കാണൂ എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെ ആത്മവിശ്വാസവും അഭിമാനബോധവുമുള്ള കറുത്തവര്‍ഗക്കാരായി വളര്‍ത്തുമെന്ന് അമ്മ ദൃഢനിശ്ചയമെടുത്തിരുന്നു'.

അമ്മയുടെ വാക്കുകളിലെ വെളിച്ചം

'വെറുതേയിരുന്ന് ചുറ്റും നടക്കുന്നതിനേക്കുറിച്ചു പരാതി പറയാതെ, നിന്നാല്‍ കഴിയുന്നതു ചെയ്യുക' അമ്മയുടെ ഈ വാക്കുകള്‍ ഒരു മന്ത്രംപോലെ ഉരുവിട്ടുകൊണ്ടാണ് കമലയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. 'അമേരിക്കയില്‍ എത്തിയപ്പോള്‍ത്തന്നെ പുതിയ നാടിനെയും അവിടുത്തെ ജീവിതത്തേയും സ്വീകരിക്കാന്‍ അമ്മ മനസാല്‍ ഒരുങ്ങിയിരുന്നു. എങ്കില്‍പോലും അമ്മയുടെ വികാരങ്ങളെല്ലാം, അതു സ്‌നേഹമായാലും ദേഷ്യമായാലും പുറത്തേക്ക് ഒഴുകിയത് അമ്മയുടെ മാതൃഭാഷയായ തമിഴിലായിരുന്നു. അത്രത്തോളം അമ്മ അവരുടെ നാടിനേയും സംസ്‌കാരത്തേയും സ്‌നേഹിച്ചു.' കമല പറയുന്നു.

തടസങ്ങളെ തകര്‍ത്തെറിഞ്ഞ അമ്മയുടെ മകള്‍

'എല്ലാ പ്രതിസന്ധികളേയും തകര്‍ത്തെറിഞ്ഞ ഒരമ്മയുടെ മകളാണ് ഞാന്‍. അഞ്ചടിയായിരുന്നു അമ്മയുടെ ഉയരം. പക്ഷേ, ഒരിക്കലെങ്കിലും അമ്മയെ കണ്ടിട്ടുള്ളവര്‍ക്കു അമ്മയ്ക്ക് നല്ല ഉയരമാണല്ലോ എന്നു തോന്നും. അത്രത്തോളം ചുറുചുറുക്കും നിര്‍ബന്ധബുദ്ധിയുമായിരുന്നു അമ്മയ്ക്ക്. അമ്മയുടെ മകളായി വളര്‍ന്നതില്‍ ഓരോ ദിവസവും ഞാന്‍ കടപ്പെിരിക്കുന്നു' ഇന്‍സ്റ്റഗ്രാമില്‍ കമല കുറിച്ച വാക്കുകളാണിത്.പത്തൊമ്പതാം വയസില്‍ യുഎസിലേക്ക് യാത്രതിരിക്കുമ്പോള്‍ ശ്യാമളയുടെ മനസില്‍ ആകെയുണ്ടായിരുന്നത് ഉപരിപഠനവും ജോലിയും മാത്രമാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയെ സംബന്ധിച്ച് ഈ പറിച്ചുനടീല്‍ ഒരു വലിയ കടമ്പയായിരുന്നു. എന്നാല്‍ ശ്യാമളയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പ്രതിസന്ധികളെല്ലാം വഴിമാറുകയായിരുന്നു.

ശേഷം, കറുത്തവര്‍ഗക്കാരനായ ഹാരിസനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അയാളുടെ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മംനല്‍കി. ഒടുവില്‍ തമ്മില്‍ ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നു മനസിലാക്കി ഹാരിസുമായി വേര്‍പിരിഞ്ഞപ്പോഴും ശ്യാമള തളര്‍ന്നില്ല. അവര്‍ ഒറ്റയ്ക്കു മക്കളെ വളര്‍ത്തുകയും ഒപ്പം തന്റെ തൊഴില്‍ രംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളാണ് എന്നു പറയുന്നതിനേക്കാള്‍ താന്‍ അഭിമാനിക്കുന്ന പദവിയൊന്നും ജീവിതത്തിലില്ലെന്നു കമലാ ഹാരിസ് 'ദി ട്രൂത്ത്‌സ് വി ഹോള്‍ഡില്‍' പറയുന്നു. 2009ല്‍ എഴുപതാം വയസില്‍ കാന്‍സറിനെത്തുടര്‍ന്നു ശ്യാമള അന്തരിച്ചു.

വഴികാട്ടിയവര്‍

കമല ഇന്നെത്തിനില്‍ക്കുന്ന ദൂരം താണ്ടാന്‍ കാരണക്കാരായവരില്‍ കമലയുടെ മുത്തശ്ശനും മുത്തശ്ശിയും നിര്‍ണായക പങ്കുവഹിക്കുന്നു. കമലയുടെ മുത്തശ്ശന്‍ പി.വി. ഗോപാലന്‍ സ്വാതന്ത്ര്യ സമര പോരാത്തെ പിന്തുണച്ച വ്യക്തിയായിരുന്നു. മുത്തശ്ശി രാജം ഗോപാലനാക െഇന്ത്യ മുഴുവന്‍ യാത്രചെയ്ത് സ്ത്രീകള്‍ക്ക് ഗര്‍ഭനിയന്ത്രണത്തെക്കുറിച്ചു ബോധവത്കരണം നല്‍കി. വരും തലമുറയ്ക്കായി അവര്‍ കാണിച്ച സമര്‍പ്പണ മനോഭാവമാണ് തന്നേയും മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നു കമല പറയുന്നു.

പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍

വാഷിംഗ്ടണിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കമല കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിംഗ്‌സ് കോളജ് ഓഫ് ലോയില്‍ നിന്ന് നിയമ ബിരുദം സ്വന്തമാക്കി.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളായ കമല സ്വയം വിശേഷിപ്പിക്കുന്നത് പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍ എന്നാണ്. അഭിഭാഷകയായ അവര്‍ 2004 മുതല്‍ 2011 വരെ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായും 2011 മുതല്‍ 2017 വരെ കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായും സേവനമനുഷ്ഠിച്ചു. സ്വവര്‍ഗവിവാഹം, വധശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ മുന്നോട്ടുവച്ച കമല കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി എതിര്‍ത്തു. 2016ല്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കമല പുതുമുഖമായിരുന്നു. എങ്കില്‍പ്പോലും ശക്തമായ ഭാഷയില്‍ ട്രംപ് ഭരണകൂടത്തെ വിമര്‍ശിക്കാന്‍ അവര്‍ മടിച്ചില്ല.

ഫീമെയ്ല്‍ ബറാക് ഒബാമ

ലേറ്റ് ഷോ വിത്ത് ഡേവിഡ് ലെറ്റര്‍മാന്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വച്ചാണ് 'ഫീമെയ്ല്‍ ബറാക് ഒബാമ' എന്ന വിശേഷണം കമലഹാരിസിനെ തേടിയെത്തുന്നത്. മാധ്യമപ്രവര്‍ത്തകനായ ജ്വെന്‍ ഐഫിലാണ് കമലയെ അങ്ങനെ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങളോടുള്ള സമീപനത്തില്‍ ഒബാമയും കമലയും സ്വീകരിക്കുന്നത് ഒരേ നിലപാടാണെന്നതാണ് ഈ വിശേഷണത്തിനു കാരണമായത്.

യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള അടുപ്പം കമലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.

സെക്കന്‍ഡ് ജെന്‍റില്‍മാന്‍

ഇന്നോളം വൈസ് പ്രസിഡന്റിന്റെ പങ്കാളിയെ സെക്കന്‍ഡ് ലേഡി എന്നു മാത്രം അഭിസംബോധന ചെയ്തു ശീലിച്ച അമേരിക്കക്കാര്‍ ഇക്കുറി അല്‍പം കണ്‍ഫ്യൂഷനിലായിരുന്നു. വൈസ് പ്രസിഡന്റ് സ്ത്രീയാകുമ്പോള്‍ അവരുടെ ഭര്‍ത്താവിനെ എന്തു വിളിക്കണമെന്നതായിരുന്നു ആശയക്കുഴപ്പത്തിനു കാരണം. ഒടുവില്‍ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ സെക്കന്‍ഡ് ജെന്‍റില്‍മാന്‍ എന്നു വിളിക്കാമെന്ന് തീരുമാനത്തിലെത്തി നില്‍ക്കുകയാണ് അമേരിക്ക. ഇതോടെ കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് ഇനി മുതല്‍ അമേരിക്കയുടെ സെക്കന്‍ഡ് ജെന്റില്‍മാന്‍ ആണ്. 2014ലാണ് കമലയും ഡഗ്ലസും വിവാഹിതരാകുന്നത്. അഭിഭാഷകനായ അദ്ദേഹം കായികം, മാധ്യമം, വിനോദം എന്നീ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു.

അഞ്ജലി അനില്‍കുമാര്‍