കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക്
ബ്രിജിൽ കെ. മാത്യു
Tuesday, October 7, 2025 8:06 PM IST
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)