നൈജീരിയയിലെ ക്രിസ്ത്യൻ വംശഹത്യ
ടി.എ. ജോർജ്
Wednesday, October 8, 2025 12:41 AM IST
ലോകമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയും ഗാസയ്ക്കു പിന്നാലെയാകുന്പോൾ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്നുയരുന്ന നിലവിളികൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ക്രൈസ്തവരായതിന്റെ പേരിൽ ഒരു ജനത അവിടെ നിരന്തരം കൂട്ടക്കൊലയ്ക്കും അതിക്രൂര പീഡനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്നു. ഇതാകട്ടെ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല.
2009ൽ തുടങ്ങി മെല്ലെമെല്ലെ ശക്തിയാർജിച്ചുവരുന്ന ആസൂത്രിത വംശഹത്യയാണ്. ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിക ഭീകരസംഘടനകൾ ഈ പാവങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല. കൊലയ്ക്കും കൊള്ളിവയ്പിനും പുറമെ, കഠിനാധ്വാനം ചെയ്തുണ്ടായ ഫലഭുയിഷ്ഠമായ കൃഷിയിടങ്ങളിൽനിന്ന് ആളുകളെ ആട്ടിപ്പായിച്ച് അവയുടെ നിയന്ത്രണവും ഭീകരർ സ്വന്തമാക്കുന്നു. നേരിടാനുള്ള ത്രാണിയില്ലാത്തതിനാൽ മരണവും പീഡനങ്ങളും ഈ ജനത ഏറ്റുവാങ്ങുന്നു. മറ്റുചിലരാകട്ടെ സർവവും ഉപേക്ഷിച്ച് എങ്ങോട്ടെന്നു നിശ്ചയമില്ലാതെ പലായനം ചെയ്യുന്നു.
വിശ്വാസം സംരക്ഷിക്കാൻ ഇവർ അനുഭവിക്കുന്ന പീഡനപർവം വിവരണാതീതമാണ്. സംരക്ഷണം നൽകേണ്ട സർക്കാർ മൗനം തുടരുകയും ചെയ്യുന്പോൾ ഭീകരരുടെ ലക്ഷ്യം നിറവേറപ്പെടുന്നു. രാജ്യത്തെ ക്രൈസ്തവമുക്തമാക്കുകയെന്നതാണ് ഭീകരരുടെ പ്രഖ്യാപിതലക്ഷ്യം. വൈദികരെയടക്കം തട്ടിക്കൊണ്ടുപോകുന്നതും വൻതുക മോചനദ്രവ്യമായി ആവശ്യപ്പെടുന്നതും സഭാ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കുന്നു.
വൈദികരെയും വൈദികവിദ്യാർഥികളെയും തട്ടിക്കൊണ്ടുപോയി വൻതുക മോചനദ്രവ്യം ആവശ്യപ്പെടുന്നത് പ്രധാന വരുമാനമാർഗമായി ഭീകരസംഘടനകൾ കാണുന്നു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായ ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതിലൂടെ, വിശ്വാസിസമൂഹത്തിന്റെ മനസിടിച്ച്, അവരുടെ സംഘടിതശക്തി തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു.
ലക്ഷ്യം സാഹേൽ ഖിലാഫത്ത്
സഹാറ മരുഭൂമിയുടെയും സുഡാനിയൻ സവേന്നയുടെയും മധ്യത്തിലായി അറ്റ്ലാന്റിക് തീരം മുതൽ ചെങ്കടൽ തീരം വരെ സ്ഥിതിചെയ്യുന്ന വിശാലമായ സാഹേൽ എന്ന പേരിലറിയപ്പെടുന്ന നൈജീരിയ ഉൾപ്പെടെയുള്ള 12 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ഖിലാഫത്ത് സ്ഥാപിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി 2009ലാണ് ബൊക്കോ ഹറാം ഭീകരസംഘടന ക്രൈസ്തവർക്കു നേരേ ആക്രമണം ശക്തമാക്കിയത്.
ഇതിനായി കൊള്ളയും കൊള്ളിവയ്പും തട്ടിക്കൊണ്ടുപോകലും നിർബാധം തുടരുന്നു. ദുർബലമായ സർക്കാരുകളും സൈന്യത്തിലെ ചേരിതിരിവുമെല്ലാം ഭീകരർക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. നൈജീരിയയിൽ മാത്രം 15 വർഷത്തിനിടെ 18,000ത്തോളം പള്ളികളാണ് ബൊക്കോ ഹറമും ഈ ഭീകരസംഘടനയുടെ പോഷകസംഘടനകളും ചേർന്ന് അഗ്നിക്കിരയാക്കിയത്.
ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (എസിഎസ്എസ്) നടത്തിയ പഠനമനുസരിച്ച്, ഭീകരവാദ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ആഫ്രിക്കയിലാണ് ഇപ്പോൾ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 2023 മുതൽ ഈ വർഷം ജൂൺ 30 വരെ പത്തു ഇസ്ലാമിക ഭീകര സംഘടനകൾ ചേർന്ന് 22,307 പേരെയാണു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ പകുതിയും (10,685) സാഹെൽ എന്ന പേരിലറിയപ്പെടുന്ന നൈജീരിയ, കോംഗോ, സൊമാലിയ, സുഡാൻ, എരിത്രിയ, ലിബിയ, ബുർക്കിനാ ഫാസോ, മാലി, മൊസാംബിക്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കാമറൂൺ, നൈജർ എന്നീ 12 രാജ്യങ്ങളിലാണ്.
ഒരുകാലത്ത് ക്രിസ്ത്യൻ സ്വാധീനമുണ്ടായിരുന്ന പല രാജ്യങ്ങളിലും ക്രൈസ്തവരെ ഇല്ലാതാക്കിയതുപോലെ നൈജീരിയയിൽനിന്നു ക്രൈസ്തവരെ പൂർണമായും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ദ കാത്തലിക് ഇൻസ്പയേഡ് എൻജിഒ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടർ എമെക്ക ഉമെഗ്ബാലാസി പറയുന്നു.ആഫ്രിക്കയിലാകെ ഭീകരാക്രമണങ്ങളും ഭീകരരുടെ ഭീഷണിയും മൂലം 1.62 കോടി ക്രൈസ്തവരെങ്കിലും പലായനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ദുരിതാശ്വാസ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗവും നൈജീരിയയിലാണ്.
20 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1.25 ലക്ഷം പേർ
ഭീകരസംഘടനയായ ബൊക്കോ ഹറാം സാഹേൽ പ്രദേശത്തുടനീളം ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 2009ൽ കൊലപാതകപരമ്പര ആരംഭിച്ചതുമുതൽ നൈജീരിയയിൽ ഇതുവരെ 1,25,000 ക്രൈസ്തവർ കൊല്ലപ്പെട്ടതായാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്.
രാജ്യത്തു പ്രതിദിനം ശരാശരി 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി കഴിഞ്ഞ ഓഗസ്റ്റിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മാത്രം ജൂലൈ വരെ ഏഴായിരത്തോളം ക്രൈസ്തവർ ഇസ്ലാമിക ഭീകരരാൽ കൊലചെയ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, സർക്കാരിന്റെ പക്കൽ ഇതിനൊന്നും ഒരു കണക്കുമില്ല.
ലോകമെങ്ങുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കുന്ന സംഘടനയായ ഓപ്പൺ ഡോർസിന്റെ 2025ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണു നൈജീരിയ. ക്രൈസ്തവനാണെങ്കിൽ ഓരോ നിമിഷവും ഇവിടെ ഭീതിയോടെ മാത്രമേ ജീവിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശ്വാസത്തിന്റെ പേരിൽ ലോകത്താകെ ഈ വർഷം 4,476 പേർ കൊല്ലപ്പെട്ടതിൽ 3,100 പേരും (69 ശതമാനം) നൈജീരിയയിലാണെന്നാണു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ക്രൈസ്തവവിരുദ്ധത എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെ നോർത്ത്-സെൻട്രൽ സോണിലാണ് ഏറ്റവും വലിയ വംശഹത്യ അരങ്ങേറുന്നത്.
ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്ഡബ്ലുഎപി) തുടങ്ങിയ ജിഹാദി സംഘടനകൾ രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ സജീവമാണ്. സർക്കാർ നിയന്ത്രണം കുറവായ ഇവിടെ ഭീകരർ അഴിഞ്ഞാടുകയാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ സമീപവർഷങ്ങളിൽ ഗണ്യമായി വർധിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 46.5 ശതമാനമാണു ക്രൈസ്തവർ. അതായത്, 10.60 കോടി. അരക്ഷിതാവസ്ഥയും ജീവനു നേരേയുള്ള ഭീഷണിയും കാരണം ഓരോ ദിവസവും ഇവരിൽ നല്ലൊരു ശതമാനം പലായനം ചെയ്തുകൊണ്ടിരിക്കുന്നു.
പത്തു വർഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 145 വൈദികരെ
റോം ആസ്ഥാനമായ മിഷണറി വാർത്താ ഏജൻസിയായ ഫിഡേസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2015നും 2025നുമിടയിൽ നൈജീരിയയിൽ 145 വൈദികരെയാണു ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ 11 പേർ കൊല്ലപ്പെട്ടു. നാലുപേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ഇതേ കാലയളവിൽ ഇതര ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350ഓളം പാസ്റ്റർമാരെയും ഇവർ തട്ടിക്കൊണ്ടുപോയി. ഇതിൽ കുറേപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വൈദികരെ മോചിപ്പിക്കാൻ വൻ തുകയാണു ഭീകരർ സഭാധികൃതരോട് ആവശ്യപ്പെടുന്നത്. ഓരോ തവണയും മോചനദ്രവ്യം കുത്തനേ വർധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്വത്തുവകകൾ വിറ്റാണു മോചനദ്രവ്യത്തിനായി സഭാധികൃതർ പണം കണ്ടെത്തുന്നത്. ഇതൊരു അവസരമായി കണ്ട് ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോകൽ നിർബാധം തുടരുന്നു.
ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് ഡോളർ വരുമാനം ലഭിക്കുന്ന ഒരു ‘ക്രിമിനൽ വ്യവസായമായി’ മാറിയെന്നാണു നൈജീരിയയിലെ സോകോതോ രൂപതയുടെ ബിഷപ് മാത്യു കുക്ക പറയുന്നത്. 2023 ജൂലൈക്കും 2024 ജൂണിനുമിടയിൽ തട്ടിക്കൊണ്ടുപോയത് 7,568 പേരെയാണ്.
യുഎന്നിൽ ആശങ്ക അറിയിച്ച് വത്തിക്കാൻ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നൈജീരിയയിൽ ക്രൈസ്തവർക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരേ ഐക്യരാഷ്ട്ര പൊതുസഭയെ വത്തിക്കാൻ ആശങ്കയറിയിച്ചുകഴിഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും വർഷമായി ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണെന്നും എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അത്യന്തം അപലപനീയമാണെന്നും കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവെ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഹർ ചൂണ്ടിക്കാട്ടി.
നൈജീരിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയടക്കം നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ആശങ്കാജനകമായ മേഖലകളായി മാറിയിരിക്കുകയാണെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ നിശബ്ദതയെ അപലപിച്ച് ഹോളിവുഡ് താരം
നൈജീരിയയിൽ ക്രൈസ്തവര്‍ക്കു നേരേ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് അമേരിക്കൻ ഹാസ്യനടനും രാഷ്ട്രീയ നിരൂപകനും ടെലിവിഷൻ അവതാരകനുമായ ബിൽ മഹർ രംഗത്തുവന്നതോടെ വിഷയം വീണ്ടും രാജ്യാന്തര ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. സെപ്റ്റംബർ 26ന് എച്ച്ബിഒ ചാനലിന്റെ ടോക് ഷോയായ ‘റിയൽ ടൈം വിത്ത് ബിൽ മഹറി’ലാണ് നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയെ അപലപിച്ച് താരം രംഗത്തുവന്നത്.
ഗാസയിൽ നടക്കുന്നതിനേക്കാൾ വളരെ വലിയ ഒരു വംശഹത്യാശ്രമമാണിതെന്നും ഒരു രാജ്യത്തെ മുഴുവൻ ക്രിസ്ത്യൻ ജനതയെയും ഇല്ലാതാക്കാൻ അവർ അക്ഷരാർഥത്തിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അമേരിക്കയില്‍ പൊതുജന പ്രതിഷേധം ഇല്ലാത്തതിനെയും വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിസംഗതയെയും അദ്ദേഹം വിമർശിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക
നൈജീരിയയിലെ സംഭവവികാസങ്ങൾ അറിയുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞദിവസം പ്രതികരിച്ചത്.
നൈജീരിയയിൽ നടമാടുന്ന ഭീകരവാഴ്ചയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആ രാജ്യത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം റിലെ മൂർ, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കഴിഞ്ഞദിവസം കത്തയച്ചതും ശ്രദ്ധേയമാണ്.
ഭരണകൂടത്തിന്റെ വീഴ്ചയും അന്താരാഷ്ട്ര മൗനവും
നൈജീരിയയിലെ ഭീകരാവസ്ഥ തുടരാൻ കാരണം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വവും അന്താരാഷ്ട്ര സമൂഹത്തിന്റെ ദുർബലമായ പ്രതികരണവുമാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ വിന്യാസം പലപ്പോഴും വൈകുകയോ അല്ലെങ്കിൽ ഫലപ്രദമല്ലാതിരിക്കുകയോ ചെയ്യുന്നു.
ഇതു ഭീകരവാദ ഗ്രൂപ്പുകൾക്ക് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടില്ല എന്ന ധാരണ നൽകുന്നു.യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉൾപ്പെടെയുള്ള ലോകശക്തികൾ ഈ പ്രതിസന്ധിയെ ‘മതപരമായ പീഡനമായി’ അംഗീകരിക്കുന്നതിൽ മടി കാണിക്കുന്നു. പ്രശ്നങ്ങളെ, കന്നുകാലി വളർത്തലുകാരും കർഷകരും തമ്മിലുള്ള പ്രാദേശിക തർക്കമായി ചിത്രീകരിച്ച് നൈജീരിയൻ സർക്കാർ നിസാരവത്കരിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, നൈജീരിയയെ പ്രത്യേക ശ്രദ്ധ വേണ്ട രാജ്യമായി പ്രഖ്യാപിക്കുകയും കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്രതലത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രിസ്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നു.
നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്നത് ഒരു സുരക്ഷാപ്രശ്നത്തിനപ്പുറം, വംശീയവും മതപരവുമായ ലക്ഷ്യങ്ങളുള്ള ഒരു വലിയ മാനുഷിക ദുരന്തമാണെന്നും അന്താരാഷ്ട്ര സമൂഹം ഈ വസ്തുത അംഗീകരിച്ച് ശക്തമായി ഇടപെട്ടാൽ മാത്രമേ ഈ കൂട്ടക്കൊലകൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളൂവെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വനത്തിൽ ബന്ദികളായി കഴിയുന്നത് 850 ക്രൈസ്തവർ
നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ കുപ്രസിദ്ധമായ റിജാന വനത്തിൽ 850ഓളം ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്നാണു റിപ്പോർട്ട്. നൈജീരിയന്‍ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ ഓഫ് ലോയുടെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ബൊക്കോ ഹറാമിന്റെ പിന്തുണയുള്ള ഫുലാനി ഭീകരരാണു ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതെന്നും തൊട്ടടുത്ത് സൈനിക ക്യാന്പ് ഉണ്ടായിട്ടും ബന്ദികളെ മോചിപ്പിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.
ഭീകരാക്രമണത്തിന് ഇരയായവരിൽനിന്നുള്ള സാക്ഷ്യങ്ങൾ സമാഹരിച്ച് ‘ഇൻസൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്’ എന്ന തലക്കെട്ടിൽ ‘ട്രൂത്ത് നൈജീരിയ’ കഴിഞ്ഞ മാസമാദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസിന്റെ കണക്കുകള്‍.
മാസങ്ങളോളം തടവിലാക്കപ്പെട്ട ഇരകൾ താമസിക്കുന്ന 11 വലിയ ക്യാമ്പുകൾ റിജാനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓരോന്നിലും അന്‍പതിലധികം ബന്ദികളുണ്ട്. ഏകദേശം 30 ബന്ദികളുള്ള 10 ചെറിയ ക്യാമ്പുകളുണ്ടെന്നും സൂചനയുണ്ട്. ഓഗസ്റ്റ് വരെ ഗ്രാമത്തിൽ തടവിലാക്കപ്പെട്ട ക്രൈസ്തവരെ എണ്ണം 850 ആണെന്ന് കണക്കാക്കപ്പെടുന്നു.
റിജാന വനത്തിനുള്ളിലും നൈജീരിയൻ സൈനിക താവളത്തിനടുത്തും കടൂണ സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള കാച്ചിയ കൗണ്ടിയിലും 850 ക്രൈസ്തവര്‍ ബന്ദികളായി തുടരുകയാണെന്ന് ട്രൂത്ത് നൈജീരിയ വ്യക്തമാക്കുന്നു. റിജാനയിൽ ഇപ്പോഴും ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്കു മുന്നിൽ നൈജീരിയൻ അധികാരികള്‍ നിശബ്ദത പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കടൂണ-അബുജ ഹൈവേയിലാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്ന നൈജീരിയയിലെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കടൂണ സംസ്ഥാനത്താണ് ഏറ്റവുമധികം പേരെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
2024 ഡിസംബർ രണ്ടിനും ഈവർഷം സെപ്റ്റംബർ 28നുമിടയിൽ 1,100 ക്രൈസ്തവരെയാണു തട്ടിക്കൊണ്ടുപോയത്. ക്യാന്പുകളിൽ മതിയായ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെയുള്ളവർ നരകയാതന അനുഭവിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
ഐഎസ് ഭീകരരുടെ താവളമായി മൊസാംബിക്
നൈജീരിയയ്ക്കു പിന്നാലെ സൊമാലിയയിലാണ് ആഫ്രിക്കയിൽ ക്രൈസ്തവർക്കു നേരേ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങളുണ്ടാകുന്നത്. മൊസാംബിക്, ലിബിയ, എരിത്രിയ, സുഡാൻ, ബുർക്കിനാ ഫാസോ, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അൾജീരിയ, മൗറിത്താനിയ, സൊമാലിയ എന്നീ രാജ്യങ്ങളിലും ക്രൈസ്തവർക്കു നേരേ നിരന്തരം ഭീകരാക്രമണങ്ങളുണ്ടാകുന്നു.
അൽക്വയ്ദയുടെ ഉപവിഭാഗമായ അൽഷബാബിന്റെയും ബൊക്കോ ഹറാമിന്റെയും കീഴിൽ ഈ രാജ്യങ്ങളിലെല്ലാം വ്യത്യസ്ത പേരുകളിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നു. മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെയാണു കഴിഞ്ഞമാസം ഇവിടത്തെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രോവിന്‍സ് (ഐഎസ്-എം) കഴുത്തറത്ത് കൊലപ്പെടുത്തിയത്. സെപ്റ്റംബർ പകുതി മുതൽ മാസാവസാനം വരെയാണ് ഈ കൊലപാതകങ്ങൾ നടന്നതെന്ന് ടെററിസം റിസർച്ച് ആൻഡ് അനാലിസിസ് കൺസോർഷ്യം റിപ്പോര്‍ട്ട് ചെയ്തു.
മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൂടുതലായി പ്രവര്‍ത്തിക്കുന്നത് വടക്കൻ കാബോ ഡെൽഗാഡോയിലാണ്. ഈ വർഷം ജൂലൈ മുതൽ 37 ക്രൈസ്തവരെയാണ് ഇവർ കൊലപ്പെടുത്തിയത്. ഭൂരിഭാഗം ക്രൈസ്തവരെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോയുടെ ചില ഭാഗങ്ങളിൽ റോഡ് തടസപ്പെടുത്തുന്ന ഭീകരർ ഇതിലൂടെ ക്രൈസ്തവര്‍ക്കു സഞ്ചരിക്കാന്‍ വൻ തുക നികുതി ഈടാക്കുന്നുണ്ടെന്നും അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്മാര് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.