ബോസ്റ്റൽ സ്കൂളിൽനിന്നു മോചിതനായ സുഹൈൽ സജീവ് ബന്ധുക്കൾക്കൊപ്പം.
കാക്കനാട്: മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ്(19) ബോസ്റ്റൽ സ്കൂളിൽനിന്നു മോചിതനായി.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് 36 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയാണ് സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പുറത്തിറങ്ങിയത്.
മാധ്യമങ്ങളുടെ മുന്നിൽനിന്ന് മറച്ചുപിടിച്ചു കൊണ്ടുപോകുന്നതിനായി ബോസ്റ്റൽ സ്കൂളിനുമുന്നിൽ സുഹൈലിന്റെ ബന്ധുക്കൾ വൻ സന്നാഹമാണ് ഒരുക്കിയിരുന്നത്. സുരക്ഷയൊരുക്കാനെത്തിയ ബന്ധുകൾ മാധ്യമസംഘത്തിനുനേരേ ബലപ്രയോഗം നടത്തിയതായും ആരോപണമുണ്ട്.
മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറിന് കേസിലെ നാലു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒന്നാംപ്രതിയായ സുഹൈലിനെ പത്തു ദിവസത്തിനുശേഷം മാത്രമേ മോചിപ്പിക്കാവൂവെന്ന കർശന വ്യവസ്ഥ മുന്നോട്ടുവച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മോചനം സാധ്യമായത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണു കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർ നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
Tags : Suhail Sajeev Nedumbassery Prime Accused Released Bostel School Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash