സിപിഎം, സിപിഐ
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചുള്ള സിപിഎം സിപിഐ തർക്കം ഇടതു രാഷ്്ട്രീയത്തിനപ്പുറം സംസ്ഥാന രാഷ്്ട്രീയ ത്തെയും ചൂടുപിടിപ്പിക്കുന്നു. ഇരുപാർട്ടികളിലെയും നേതാക്കൾ ചേരിതിരിഞ്ഞു വിമർശനം തുടരുന്പോൾ അതിനു തടയിടാനോ നിയന്ത്രിക്കാനോ ഉയർന്ന ഘടകങ്ങൾ ഇടപെടുന്നില്ല.
പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറും വ്യക്തമാക്കിയിട്ടും ഇന്നലെ പാർട്ടി മുഖപത്രത്തിലുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സി.എൻ. മോഹനൻ സിപിഐയെ രൂക്ഷമായി വിമർശിച്ചു.
സിപിഐ, കോണ്‍ഗ്രസും മുസ്ലിംലീഗുമായി ചേർന്നു ഭരിച്ച കാലത്തെ കാര്യങ്ങൾ ഓർമിപ്പിച്ചായിരുന്നു മോഹനന്റെ വിമർശനം. ഇതോടെ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള കടുത്ത ചേരിപ്പോരാണു സിപിഎം-സിപിഐ തർക്കത്തിലൂടെ ഇടതുമുന്നണിയിൽ സംഭവിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം താൻ എഴുതി നൽകുന്ന സിപിഎം നേതാവിനായിരിക്കുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശമാണ് തർക്കം നിലനിൽക്കുകയായിരുന്നെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്.
പിണറായിക്കു മറുപടിയുമായി സിപിഐ നേതാക്കളും അദ്ദേഹത്തെ പിന്തുണച്ച് ചില സിപിഎം നേതാക്കളും രംഗത്തെത്തിയതോടെ കാര്യങ്ങൾ പിടിവിട്ട അവസ്ഥയിലായി. ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ പിണറായി വിജയനെ അനുകൂലിച്ചു സംസാരിക്കാത്തതും സിപിഐയുമായി ചർച്ച ഇനിയും നടത്തുമെന്നും പ്രസ്താവിച്ചതോടെ സിപിഎമ്മിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ടെന്ന തോന്നൽ ജനിപ്പിച്ചു. കണ്‍വീനറുടെ ഈ നിലപാടു സിപിഐ നേതൃത്വത്തിനു സന്തോഷമായി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇന്നലെ ദേശാഭിമാനിയിൽ സിപിഐയെ വിമർശിച്ചുകൊണ്ടുള്ള സി.എൻ. മോഹനന്റെ ലേഖനം വന്നത്. സ്വാഭാവികമായും ലേഖനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടു തന്നെയാണെന്നുള്ളതു വ്യക്തം. സിപിഐയുടെ പഴയകാലത്തെ വലതുപക്ഷ നിലപാടു ചൂണ്ടിക്കാട്ടിയായിരുന്നു ലേഖനത്തിലെ വിമർശനങ്ങൾ.
സിപിഎം-സിപിഐ തർക്കം അതിരൂക്ഷമാകുന്നതിനിടെ ഇന്നലെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ ലേഖനവും വലിയ രാഷ്്ട്രീയ ചർച്ചയ്ക്ക് ഇടയാക്കി. സിപിഐയുടെ പഴയ പ്രതാപവും മുസ്ലിം ലീഗ് സഖ്യകാലത്തെ നേട്ടങ്ങളുമെല്ലാം മജീദ് ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. സിപിഐയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചു ഭരിച്ചതു കേരളത്തിന്റെ സുവർണകാലമായിരുന്നുവെന്നും ലേഖനത്തിൽ മജീദ് ഓർമപ്പെടുത്തുന്നുണ്ട്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും മറ്റു നേതാക്കളും സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും സിപിഐക്കു യുഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണം കൂടിയാണു ലേഖനത്തിലൂടെ പ്രകടമാക്കുന്നതെന്നു വ്യക്തം.
ഇതിനിടെ പിണറായി വിജയനെതിരേ സിപിഐയുടെ മുതിർന്ന നേതാവ് കൂടിയായ സി. ദിവാകരൻ രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. ദിവാകരൻ നിലവിൽ പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിലൊന്നും ഇല്ലെങ്കിലും അദ്ദേഹത്തെ തള്ളാൻ സിപിഐ നേതൃത്വം തയാറായിട്ടില്ല. ഇരുപാർട്ടികളുടെയും കേന്ദ്ര നേതൃത്വവും കേരളത്തിലെ സംഭവങ്ങൾ കണ്ടില്ലെന്ന മട്ടിലാണ്. ഈ രീതിയിലാണു മുന്നോട്ടുപോകുന്നതെങ്കിൽ വരും ദിവസങ്ങളിൽ സിപിഎം-സിപിഐ തർക്കം ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണമാക്കും.
കാര്യമായ രാഷ്്ട്രീയ ഗുണങ്ങളൊന്നും ലഭിക്കാത്ത പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കേണ്ടത് സിപിഐക്ക് ഇനി അവരുടെ രാഷ്ട്രീയ അന്തസിന്റെ കൂടി ഭാഗമാണ്.
Tags : Opposition DeputyLeaderPosition LeftPolitics HeatsUp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash