പ്രതീകാത്മക ചിത്രം
കൊച്ചി: രാജ്യവ്യാപകമായി നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കായി സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ചു നല്കുന്ന മാഫിയാസംഘത്തിലെ മുഖ്യകണ്ണികളായ മൂന്നുപേര്‍ അറസ്റ്റില്‍.
പള്ളുരുത്തി തൈവീട്ടില്‍ വിപിന്‍ വിന്‍സെന്റ്(32), കുമ്പളങ്ങി ചെറിയകടവ് വാഴക്കൂട്ടത്തില്‍ അജിത് വര്‍ഗീസ്(27), പാലക്കാട് ആലത്തൂര്‍ റഹീം മന്‍സിലില്‍ മുഹമ്മദ് റോഷന്(26) എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലിസും സൈബര്‍ഡോമും സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്.
പ്രതികളില്‍നിന്ന് അഞ്ച് ബാങ്ക് പാസ്ബുക്കുകള്‍, ഒമ്പതിലധികം എടിഎം കാര്‍ഡുകള്‍, ഒരു ചെക്ക്ബുക്ക്, ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, തട്ടിപ്പിന് ഉപയോഗിച്ച നാല് സിം കാര്‍ഡുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, യമഹ റേ-സെഡ് ആര് സ്കൂട്ടര്‍ എന്നിവ പിടിച്ചെടുത്തു.
ബാങ്ക് അക്കൗണ്ട് നല്കിയാല് പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് മറ്റുള്ളവരെ പ്രലോഭിപ്പിച്ച് അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ പാസ് ബുക്കുകള്‍, എടിഎം കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, സിം കാര്‍ഡുകള്‍ എന്നിവ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് കൈമാറുന്ന ഇടനിലക്കാരാണ് ഇവര്‍.
സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് വിപിന്‍ വിന്‍സെന്റിനെതിരേ കൂത്താട്ടുകുളം, അരൂര്‍ പൊലിസ് സ്റ്റേഷനുകളിലായി രണ്ടു കേസുകളും അജിത് വര്‍ഗീസിനെതിരേ വിയപുരം പൊലിസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണു പ്രതികള്‍ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. ടെലിഗ്രാം ഗ്രൂപ്പ് വഴിയാണ് ഇവര്‍ മുഹമ്മദ് റോഷനുമായി സൗഹൃദത്തിലായത്. ഒരു ബാങ്ക് അക്കൗണ്ടിന് 10,000 രൂപയാണു വിപിനും അജിത്തും ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം.
കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം നടത്തിയ സൈബര്‍ പട്രോളിംഗിലാണ് അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള സാമ്പത്തിക തട്ടിപ്പ് ശൃംഖലയെക്കുറിച്ച് പൊലിസിനു വിവരം ലഭിച്ചത്.
പ്രതികളെക്കുറിച്ചും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Bank Accounts Sale Collected Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash