അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്
കാഞ്ഞിരപ്പള്ളി: ശാസ്ത്രതത്വങ്ങൾ പുസ്തകത്താളുകൾക്കപ്പുറം നേരിട്ടു കണ്ടും തൊട്ടറിഞ്ഞും മനസിലാക്കാൻ അവസരമൊരുക്കുന്ന നൂതന ശാസ്ത്ര പഠനകേന്ദ്രമായ സയൻസ് സ്റ്റുഡിയോ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ പ്രവർത്തനമാരംഭിച്ചു.
കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയിലൂപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഡയറക് ടർ അഡ്മിനിസ്ട്രേറ്റർ ഫാ.ഡോ. റോയി അബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ അക്കാദമിക് ഫാ.ഡോ. റൂബിൻ തോട്ടുപുറത്ത് ജോസ്, ബേസിക് സയൻസ് വിഭാഗം മേധാവി ഡോ. സാബു അഗസ്റ്റ്യൻ, അസിസ്റ്റന്റ് പ്രഫ.ജെ.പി. സെൻ തുടങ്ങിയവർ സയൻസ് സ്റ്റുഡിയോയുടെ പ്രവർത്തനത്തെപ്പറ്റി വിശദ്ധീകരിച്ചു.
കോളജിലെ റിസർച്ച് സ്ക്വയർ എട്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ലേണിംഗ് മ്യൂസിയം വിദ്യാർഥികളിൽ ശാസ്ത്രാഭിമുഖ്യവും ഗവേഷണ താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തൊട്ടറിഞ്ഞ് പഠിക്കാവുന്ന പരീക്ഷണങ്ങൾ, ശാസ്ത്രത്തിലെയും എൻജിനിയറിംഗിലെയും സങ്കീർണമായ ആശയങ്ങൾ ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന നിരവധി ഇന്ററാക്ടീവ് പ്രദർശനങ്ങൾ, പ്രവൃത്തിപരിചയ മാതൃകകൾ എന്നീ പ്രധാന സവിശേഷതകൾ സ്റ്റുഡിയോയിൽ ഒരുക്കിയിട്ടുണ്ട്.
ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ പ്രമുഖരായ ബിഎസ്എൻഎൽ പ്രത്യേകം സജ്ജമാക്കിയ വാർത്താവിനിമയ സാങ്കേതികവിദ്യാ വിഭാഗം സ്റ്റുഡിയോയുടെ പ്രധാന ആകർഷണമാണ്. വാർത്താവിനിമയ സംവിധാനങ്ങളുടെ പരിണാമവും ആധുനിക സാങ്കേതികവിദ്യകളും വിദ്യാർഥികൾക്ക് ഇവിടെ നേരിട്ടു മനസിലാക്കാം.
എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സയൻസ് സ്റ്റുഡിയോ പ്രവർത്തിക്കുന്നതായിരിക്കും. തുടക്കത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത് അധ്യാപകരോടൊപ്പം എത്തുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.
ഏതാനും നാളുകൾക്കുള്ളിൽ പൊതുജനങ്ങൾക്കും സയൻസ് സ്റ്റുഡിയോ സന്ദർശിക്കാനുള്ള സൗകര്യം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും സന്ദർശന സമയം ബുക്ക് ചെയ്യുന്നതിനുമായി 7012492807 എന്ന നമ്പറിൽ ബന്ധപ്പെടാം.
Tags : Amal Jyothi College Launched Scientific principles Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash