അർജുൻ പൊലിസിനോട് തട്ടിക്കയറുന്ന ദൃശ്യം
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് പിടിയിലായത്. വെള്ളയിൽ പൊലിസാണ് അർജുനെ അറസ്റ്റ് ചെയ്തത്.
'നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് ഇയാൾ പോലിസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലിസുകാരന്‍റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റുവെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിയ രണ്ടുപേരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ ഇതിന് വഴങ്ങാതെ ഡോക്ടറോട് കയർക്കുകയും ആശുപത്രിയിൽ ബഹളമുണ്ടാക്കുകയുമായിരുന്നു.
ബഹളം കേട്ട് ആശുപത്രിയിലെ പൊലിസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പൊലിസുകാരൻ സ്ഥലത്തെത്തി. അർജുനെ അനുനയിപ്പിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലിസുകാരനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.
"നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ" എന്ന് ചോദിച്ച് ഇയാൾ പൊലിസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Tags : Crime Police Arrested Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash