മന്ത്രിയുടെ പുലമ്പൽ അവിവേകം
Saturday, October 18, 2025 12:34 AM IST
നമ്മുടെ ഭരണ നേതൃത്വത്തിലുള്ള അംഗങ്ങളുടെ വിവേകം ദ്രവിച്ച പ്രസ്താവനകൾ രാജ്യത്ത് അരാജകത്വം വിതയ്ക്കും. ഈ കൂട്ടർ പാർട്ടിയെ വളർത്താമെന്ന ചിന്തയിൽ പറയുന്നത് ഭോഷത്തവും.
പള്ളുരുത്തിയിലെ സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിനു വേണ്ടപ്പെട്ടവരുടെ ചർച്ചയിൽ പരിഹാരമായതാണ്. പക്ഷേ നമ്മുടെ വിദ്യാഭ്യാസമന്ത്രി അതിൽ കയറി ചൊറിയാൻ പോയി.
ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ കുട്ടിയെ അനുവദിക്കണമെന്ന മന്ത്രിയുടെ പ്രസ്താവന എല്ലാവരെയും ആശങ്കയിലും കുഴപ്പത്തിലുമാക്കി. സ്കൂളിന്റെ യൂണിഫോം കോഡ് അനുസരിക്കാമെന്ന് രക്ഷിതാക്കൾ സമ്മതിച്ചതിനാലാണു കുട്ടിയെ അവിടെ അന്നു ചേർത്തത്.
പ്രശ്നങ്ങൾ അവസാനിച്ചിട്ടും എരിതീയിൽ എണ്ണയൊഴിച്ചതിൽ എല്ലാവർക്കും പ്രതിഷേധമുണ്ട്. ഇനിയെങ്കിലും മന്ത്രിസ്ഥാനത്തിരിക്കുന്നവർ വകതിരിവോടെ സംസാരിക്കണം. അല്ലങ്കിൽ നാട്ടിൽ മതസ്പർധ ആളിക്കത്തും. നാട്ടിൽ സ്വൈര്യജീവിതം നടക്കട്ടെ.
കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട