കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: എൻടിയു
1574087
Tuesday, July 8, 2025 7:47 AM IST
മലപ്പുറം : സ്കൂൾ കായികാധ്യാപകരുടെ തസ്തികകൾ നിലനിർത്തുന്നതിന് സർക്കാർ ഉത്തരവിറക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ജില്ലാ പ്രസിഡന്റ് വി.സുധീർ, ജനറൽ സെക്രട്ടറി പി.ടി. സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. യുപി സ്കൂളുകളിൽ 300 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന അനുപാതം മാറ്റണം. അതുപോലെ എട്ട്, ഒന്പത് ക്ലാസുകൾക്ക് കായികാധ്യാപകനെ നിയമിക്കുന്പോൾ പത്താംക്ലാസിലെ കുട്ടികളുടെ എണ്ണവും പരിഗണിക്കണം.
കഴിഞ്ഞ തവണത്തെ സംസ്ഥാന കായികമേളയിൽ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ കായികാധ്യാപക തസ്തിക പോലും നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. അനുപാതം കുറച്ചില്ലെങ്കിൽ തസ്തികകൾ ഇനിയും കൂടുതൽ നഷ്ടപ്പെടുന്നതിനും അത് മൊത്തത്തിൽ സ്കൂൾ കായിക മേഖല പിന്നാക്കം പോകുന്നതിനും കാരണമാകും. ഹൈസ്കൂൾ കായികാധ്യാപകർക്ക് യുപി അധ്യാപകരുടെ ശന്പള സ്കെയിലിൽ ശന്പളം നൽകുന്ന സന്പ്രദായം അവസാനിപ്പിച്ച് അർഹതപ്പെട്ട ശന്പളം നൽകണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.