മരുതൻപാറ സദ്ഗ്രാമത്തിൽ കെട്ടിടം തകർന്ന സംഭവം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എംഎൽഎ
1573754
Monday, July 7, 2025 5:28 AM IST
പെരിന്തൽമണ്ണ: 2019-20 സാന്പത്തിക വർഷം പട്ടികജാതി വകുപ്പ് ഫണ്ട് ഉപയോഗിച്ച് താഴേക്കോട് ഗ്രാമപഞ്ചായത്തിലെ മരുതൻപാറ പട്ടികജാതി സദ്ഗ്രാമത്തിൽ ( ഉന്നതി നഗർ ) നിർമിക്കുന്ന കമ്മ്യൂണിറ്റി സെന്റർ കെട്ടിടം നിർമാണത്തിലിരിക്കെ നിലംപൊത്തിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടു.
സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളോട് സർക്കാരിന് യാതൊരു താൽപര്യവുമില്ല. പട്ടികജാതി വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന പല പദ്ധതികളും അവതാളത്തിലാണ്. ഇത്തരം പദ്ധതികളുടെ പ്രവർത്തനം പരിശോധിക്കാനോ വിലയിരുത്താനോ ആരുമില്ലാത്ത അവസ്ഥയാണുള്ളതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. സർക്കാരിന് കീഴിലുള്ള ’നിർമിതി കേന്ദ്ര’മാണ് അംബേദ്കർ ഗ്രാമം പദ്ധതി പോലെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
മരുതൻപാറയിൽ തകർന്ന കെട്ടിടത്തിന്റെ പ്രവൃത്തി 2020-ൽ ആരംഭിച്ചതാണ്. അഞ്ചു വർഷമായിട്ടും പൂർത്തിയായിട്ടില്ല. കെട്ടിട നിർമാണത്തിൽ വലിയ അഴിമതി നടന്നതായി സംശയമുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
യുഡിഎഫ് നേതാക്കളായ മുഹമ്മദലി ഹാജി, എൻ. അഷ്റഫ്, ടി.ടി. വിജയകുമാർ, കെ.എം. ഫത്താഹ്, വി.പി. സബാഹ്, കുഞ്ഞയമു ഹാജി, വാർഡ് മെംബർ ബാലൻ മരുതൻപാറ തുടങ്ങിയവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.