ബൈപാസിനോടുള്ള അവഗണനയിൽ പ്രക്ഷോഭം നടത്തും: എംഎൽഎ
1573397
Sunday, July 6, 2025 5:57 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഒരാടംപാലം - വൈലോങ്ങര ബൈപാസിന്റെ നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഡീറ്റെയിൽഡ് വാല്യുവേഷൻ റിപ്പോർട്ടിന് കളക്ടർ അംഗീകാരം നൽകിയതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. സ്ഥല ഉടമകൾക്ക് നൽകുന്നതിനുള്ള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് കളക്ടർ ആർബിഡിസികെയ്ക്ക് കത്ത് നൽകുമെന്ന് അറിയിച്ചതായും എംഎൽഎ പറഞ്ഞു.
ദീർഘനാളായി ഓരാടംപാലം - മാനത്ത്മംഗലം ബൈപാസിനോടുള്ള സർക്കാരിന്റെ അവഗണനയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് ജനകീയ സമരം സംഘടിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 55 ലക്ഷവും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപയും വകയിരുത്തി ഓരാടംപാലത്ത് നിന്ന് കോട്ടയ്ക്കൽ വളാഞ്ചേരി റോഡിലേക്കുള്ള റോഡ് ബിഎംബിസി ചെയ്തു നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.
ഏഴുകണ്ണി പാലത്തിന് സമീപം നിർമിക്കാൻ ഉദ്ദേശിക്കുന്ന അണ്ടർപാസിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും ബാക്കി തുക കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചതായും അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നടപടികൾ തുടരുമെമെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.