കാട്ടാന ആക്രമണം; പെരുംകൊല്ലംപാറയില് കര്‍ഷകര്‍ ദുരിതത്തില്‍
1572744
Friday, July 4, 2025 5:32 AM IST
എടക്കര: കാട്ടാന ആക്രമണത്തെ തുടർന്ന് മൂത്തേടം പെരുംകൊല്ലംപാറയില് കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം മുണ്ടോടന്‍ കരീം, പാറശേരി ഷാനിബ, അദാലത്ത് മുഹമ്മദാലി, മുണ്ടമ്പ്ര അസീസ്, മുണ്ടമ്പ്ര സൈനബ എന്നിവരുടെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തിയത്.
മുണ്ടോടന്‍ കരീമിന്റെ വീട്ടുമുറ്റത്തെ തെങ്ങ് ആന കുത്തിമറിച്ചിട്ടു. ഷാനിബ, മുഹമ്മദാലി, അസീസ്, സൈനബ എന്നിവരുടെ തോട്ടങ്ങളിലെ നിരവധി റബര്‍ മരങ്ങള്‍ മറിച്ചിടുകയും നിരവധിയെണ്ണത്തിന്റെ പട്ട തിന്നുകയും ചെയ്തിട്ടുണ്ട്. കാട്ടാനകള്‍ മറിച്ചിടുന്ന റബര്‍ മരങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
എന്നാല്‍ ആനകള്‍ റബര്‍ മരങ്ങളുടെ പട്ട നശിപ്പിക്കുന്നതിന് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നില്ല. പട്ട നശിച്ച റബര്‍ മരങ്ങള്‍ വൈകാതെ ഉണങ്ങി നശിക്കുകയാണ് പതിവ്. ഇവയ്ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവ്യപ്പെട്ടു.
വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിളനാശം നേരിട്ട പ്രദേശം കൃഷി ഓഫീസര്‍ നീതു തങ്കം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.