പുന്നക്കാട് - വാക്കോട് റോഡ് തകർച്ചാ ഭീഷണിയിൽ
1571972
Tuesday, July 1, 2025 7:48 AM IST
കരുവാരകുണ്ട്: പുന്നക്കാട് - വാക്കോട് റോഡ് തകർന്നതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദുരിതയാത്ര. വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ട റോഡിലൂടെ യാത്ര ചെയ്യാൻ കാൽനടയാത്രക്കാരും പ്രയാസപ്പെടുകയാണ്.
റോഡ് തകർച്ചയെ തുടർന്ന് ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹനങ്ങളും ഇതുവഴി സർവീസ് നടത്താൻ കൂട്ടാക്കുന്നില്ല. സ്കൂൾ വിദ്യാർഥികളടക്കമുള്ള നൂറുക്കണക്കിന് ആളുകളുടെ സഞ്ചാരപാതയാണ് അധികൃതരുടെ പിടിപ്പുകേടിനെ തുടർന്ന് ചെളിക്കുളമായി തീർന്നത്. ഇതു വഴി ഓടിയാൽ വാഹനം തകരാറിലാകുന്നതായും ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. എത്രയും വേഗം റോഡിന്റെ തകർച്ച പരിഹരിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.