യുവ കർഷകന്റെ സൂര്യകാന്തിത്തോട്ടം ശ്രദ്ധേയമാകുന്നു
1571002
Saturday, June 28, 2025 5:28 AM IST
ഏലംകുളം: തണ്ണിമത്തൻ വിപ്ലവത്തിന് ശേഷം സൂര്യകാന്തി തോട്ടമൊരുക്കി ഏലംകുളത്തെ യുവകർഷകൻ. ഏലംകുളം പാറക്കൽമുക്ക് സ്വദേശിയായ പരേതനായ ആറങ്ങോടൻ വീരാൻകുട്ടിയുടെ മകൻ അബൂബക്കർ സിദീഖാണ് രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് സൂര്യകാന്തി പൂക്കൾ വിളയിച്ചത്.
മരക്കച്ചവടം തൊഴിലായി കൊണ്ടുനടക്കുന്പോഴും സിദീഖിന്റെ മനസിൽ സൂര്യകാന്തിപ്പൂക്കളോട് താൽപ്പര്യം തോന്നിയിരുന്നു. തുടർന്ന് ഏലംകുളം കൃഷിവകുപ്പിന്റെ പിന്തുണയും ഉപദേശവുമായി സിദീഖ് ഏലംകുളം തോണിക്കടവ് ഭാഗത്തെ പാടത്ത് സൂര്യകാന്തി കൃഷിയിറക്കി.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും ഗുണകരമായി. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ കൃഷി വ്യാപിപ്പിക്കാനാണ് സിദീഖിന്റെ തീരുമാനം. സിദീഖിന്റെ സൂര്യകാന്തിത്തോട്ടം കാണാനും റീൽസ് എടുക്കാനും ഫോട്ടോക്കുമായി ഒട്ടേറെ പേരാണ് ദിവസവും ഇവിടെ എത്തുന്നത്.
എത്തുന്നവരിൽ നിന്ന് ചെറിയൊരു തുക ഈടാക്കി പഞ്ചായത്തിലെ പരിരക്ഷാ ചികിത്സാ നിധിയിലേക്ക് സ്വരൂപിക്കാനും സിദീഖ് ശ്രദ്ധ കാണിക്കുന്നു. സൂര്യകാന്തി പൂക്കളുടെ മനോഹാരിത കാണാൻ എത്തുന്നവർക്കായി പയർ, വെണ്ട തുടങ്ങി മറ്റ് നാടൻ പച്ചക്കറികൾ ചെറിയ വിലയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട് ഈ യുവ കർഷകൻ.