കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി നടപ്പാക്കാതെ ഭരണസമിതികൾ
1571259
Sunday, June 29, 2025 5:19 AM IST
നിലന്പൂർ: നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്പോഴും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി കാര്യക്ഷമമായി നടപ്പാക്കാതെ പഞ്ചായത്ത് ഭരണ സമിതികൾ. ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ച് കർഷകർക്ക് ഏറെ ഉപദ്രവം ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നിലന്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ ഒരു ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നില്ല.
കാട്ടുപന്നി ആക്രമണങ്ങളിൽ ഓരോ വർഷവും നൂറുക്കണക്കിന് പേർക്കാണ് പരിക്കേൽക്കുന്നത്. നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായി ഏഴ് പേർക്കാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഓരോ പഞ്ചായത്ത് പരിധികളിലും നൂറുക്കണക്കിന് കാട്ടുപന്നികളാണുള്ളത്. സ്വകാര്യ എസ്റ്റേറ്റുകളുടെ കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലെല്ലാം കാട്ടുപന്നികളുടെ ആവാസ കേന്ദ്രങ്ങളാണ്. ഗ്രാമപഞ്ചായത്തുകൾ ചെറിയൊരു വിഹിതം കൂടി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള തുകയിൽ കൂട്ടിയാൽ കൂടുതൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ കഴിയും.
രാത്രിയിലും പുലർച്ചെയും റോഡുകളിലൂടെ വ്യാപകമായി കാട്ടുപന്നികൾ മുറിച്ച് കടക്കുന്നതാണ് അപകടങ്ങൾ വർധിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. എംഎൽഎമാർ തങ്ങളുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു വിഹിതം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഫണ്ടിലേക്ക് നൽകണമെന്ന ആവശ്യമുയരുന്നുണ്ട്.
വനം വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുന്പോഴും ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി നിലവിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വന്യമൃഗശല്യത്തിനെതിരേ പ്രസംഗിക്കുന്നവരുടെ പാർട്ടികൾ പോലും അവരുടെ പഞ്ചായത്തിൽ ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്.