അപായ മുന്നറിയിപ്പ് നൽകാത്തതിൽ ശക്തമായ പ്രതിഷേധം
1570727
Friday, June 27, 2025 5:26 AM IST
കരുവാരകുണ്ട്: കൽക്കുണ്ടിൽ ഒലിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിക്കാനിടയായ സാഹചര്യം അധികൃതരുടെ അനാസ്ഥയാണന്ന് നാട്ടുകാർ ആരോപിച്ചു. കനത്ത മഴ അനുഭവപ്പെടുമ്പോൾ ഒലിപ്പുഴയുടെ ഉത്ഭവ ഭാഗങ്ങളിൽ കുത്തൊഴുക്കിനോടൊപ്പം പുഴയിലെ നിലയില്ലാക്കയങ്ങളും വൻ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു. പ്രദേശത്ത് നിരവധി റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.
ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ ഒലിപ്പുഴയിലാണ് കുളിക്കുന്നത്. പുഴയിലെ അപകടച്ചുഴിയിൽ നിരവധിപ്പേർ മുൻവർഷങ്ങളിലും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെടെ ഭാഗത്തുനിന്നുമുയരുന്നത്.