വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന്
1570728
Friday, June 27, 2025 5:26 AM IST
പെരിന്തൽമണ്ണ: ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ സ്കൂളുകൾ ശ്രദ്ധ പതിപ്പിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ. കിംസ് അൽഷിഫ ഹോസ്പിറ്റൽ അക്കാദമിക് ഹാളിൽ ജില്ലയിലെ സിബിഎസ്ഇ കായിക അധ്യാപകർക്കായി മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകർക്കുള്ള പ്രഥമ ശുശ്രുഷാ, ബേസിക് ലൈഫ് സപ്പോർട്ട് വിഷയത്തിലുള്ള പരിശീലന ശില്പശാലയ്ക്ക് കിംസ് അൽഷിഫ ഹോസ്പിറ്റൽ എമർജൻസി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരായ പി.എൻ. ഹാഫിസ് , ഡോ. റാസി, ഡോ. അഞ്ജിത, ഡോ. ആഷിക്, ഉസാമ എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ 80 സിബിഎസ്ഇ സ്കൂളിലെ കായികാധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിംസ് അൽഷിഫ വൈസ് ചെയർമാനും ഐഎസ്എസ് പ്രസിഡന്റുമായ ഡോ. പി. ഉണ്ണീൻ മുഖ്യാതിഥിയായി. ജില്ലയിലെ സിബിഎസ്ഇ സ്കൂളുകൾക്ക് കിംസ് അൽഷിഫ നൽകുന്ന ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണോദ്ഘാടനം ഡോ. പി. ഉണ്ണീൻ നിർവഹിച്ചു.
സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ്കുമാർ, ഐഎസ്എസ് ജനറൽ സെക്രട്ടറി എ.വി. റഫീഖ്, കിംസ് അൽഷിഫ മെഡിക്കൽ സുപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, ഡോ. ഷാഹുൽ ഹമീദ്, ഫാ. ജീവൻ ജോസഫ്, കെ. റഫീഖ് മുഹമ്മദ്, ടി. അബ്ദുസമദ്, സൈതാലിക്കുട്ടി, സഹോദയ സ്പോർട്സ് കൺവീനർ കെ.പി. ഫഹദ് എന്നിവർ സംബന്ധിച്ചു.