കാലവർഷം കനത്തു: ഭീതിയോടെ മലയോര ജനത
1570722
Friday, June 27, 2025 5:26 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ ഇടമുറിയാത്ത കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനത്തെ തുടർന്ന് മലയോര ജനത ഭീതിയിലാണ്.
മൂന്നു ദിവസമായി ശക്തമായ മഴയാണ് മേഖലയിൽ അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിലെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും ഒലിപ്പുഴയിൽ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനെ തുടർന്ന് പുഴയോരവാസികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പുഴയിൽ അടിഞ്ഞുകൂടിയ മണൽ അധികൃതർ നീക്കം ചെയ്യാൻ തയാറായില്ലങ്കിൽ മലവെള്ളപാച്ചിലിൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയേറെയാണന്ന് നാട്ടുകാർ പറയുന്നു. മണൽവാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഒലിപ്പുഴയിൽ മണൽതിട്ടകൾ ഉയർന്നുവന്നത്.
കഴിഞ്ഞുപോയ പ്രളയത്തിൽ നിരവധി കുടുംബങ്ങൾ വീടുവിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് അന്തിയുറങ്ങിയത്. വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.