പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സുകൾ കാട് മൂടി നശിക്കുന്നു
1571622
Monday, June 30, 2025 5:31 AM IST
എടക്കര: പോത്തുകൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ അധീനതയിലുള്ള ക്വാർട്ടേഴ്സുകൾ കാട് മൂടി നശിക്കുന്നു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി വർഷങ്ങൾക്ക് മുന്‍പ് നിർമിച്ച രണ്ട് ക്വാർട്ടേഴ്സുകളാണ് ജീർണാവസ്ഥയിൽ കാട് മൂടി നശിക്കുന്നത്.
രണ്ട് കെട്ടിടങ്ങൾ സജ്ജമായിട്ടും ഒരു ഡോക്ടർ പോലും ഇവിടെ താമസിച്ചിട്ടില്ല. കുറച്ച് കാലം ആശുപത്രിയിലെ ചില ജീവനക്കാർ മാത്രമാണിവിടെ താമസിച്ചത്. നാല് വർഷം മുന്‍പ് കെട്ടിടങ്ങൾ അണ്‍ഫിറ്റായതിനാൽ വാസയോഗ്യമല്ലെന്ന് പോത്തുകൽ ഗ്രാമപഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം സാക്ഷ്യപ്പെടുത്തുകയും ചെയതതോടെ ആരും ഈ ഭാഗത്തേക്ക് തിരഞ്ഞ് നേക്കാതെയായി.
ഇതോടെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ കാട് മൂടിയും മരങ്ങൾ വളർന്നും പുറമെ നിന്ന് കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. അണ്‍ഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ മറ്റ് ആവശ്യങ്ങൾക്കും ഈ കെട്ടിടങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ നോക്കുകുത്തികളായപ്പോൾ നഷ്ടം സർക്കാരിന് തന്നെ.