ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം ഊർജിതമാക്കി
1571265
Sunday, June 29, 2025 5:19 AM IST
മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. മഴക്കാലമായതോടെ ഡെങ്കിപ്പനി പടരുന്ന സാഹചര്യമുണ്ടെന്നും മൂന്ന് പേർ ഇതിനകം മരിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രായമായവരിലാണ് ഡെങ്കി അപകടകരമാകുന്നതായി കാണുന്നത്. ഡെങ്കിപ്പനി ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്നും ഡിഎംഒ പറഞ്ഞു.
എംഎൽഎമാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൾ ഹമീദ്, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ എന്നിവർ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച പകർച്ചവ്യാധികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഡിഎംഒ. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, മാധ്യമങ്ങൾ തുടങ്ങി എല്ലാവരും ചേർന്ന് നടത്തിയ ബോധവത്കരണത്തിന്റെ ഫലമായി ജില്ലയിൽ വീടുകളിലെ പ്രസവം ഏതാണ്ട് പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. മൂന്ന് കേസുകൾ മാത്രമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.
മഞ്ചേരി മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ സാഹചര്യത്തിലാണ് രാത്രികാല പോസ്റ്റ്മോർട്ടം താൽക്കാലികമായി തടസപ്പെട്ടതെന്ന് യു.എ. ലത്തീഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രാത്രികാല പോസ്റ്റ്മോർട്ടം വൈകാതെ പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടക്കുന്നിൽ മണ്ണിടിച്ചിൽ മൂലം സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരുടെ പുനരധിവാസ നടപടികൾ വേഗമാക്കണമെന്ന് പി. ഉബൈദുള്ള എംഎൽഎ ആവശ്യപ്പെട്ടു.
തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ നവീകരണം അടിയന്തരമായി നടത്തണമെന്നും സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വൃത്തിയുള്ള ശുചിമുറികൾ സജ്ജമാക്കണമെന്നും പി.പി. സുനീർ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. എംപിമാരുടെ പ്രതിനിധികൾ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ വികസന കമ്മീഷണർ അപൂർവ ത്രിപാഠി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ഡി. ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
‘അധ്യാപക ഒഴിവുകൾ ഫിക്സേഷനുശേഷം റിപ്പോർട്ട് ചെയ്യും’
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം അധ്യാപക ഒഴിവുകൾ സ്റ്റാഫ് ഫിക്സേഷൻ റിപ്പോർട്ട് ലഭ്യമാകുന്നതോടെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി കഴിയും മുന്‍പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനത്തിനുള്ള നടപടികൾ വേഗമാക്കണമെന്ന് പി. ഉബൈദുള്ള എംഎൽഎ നിർദേശിച്ചു.
പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയാകുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ വികസനസമിതി യോഗത്തിൽ അറിയിച്ചു. ജില്ലയിൽ നിലവിൽ അണ് എയ്ഡഡ് ഉൾപ്പെടാതെ തന്നെ 9158 പ്ലസ് വണ്‍ സീറ്റുകളിൽ ഒഴിവുണ്ടെന്നും 13187 അപേക്ഷർ കാത്തിരിപ്പുണ്ടെന്നും ആർഡിഡി അറിയിച്ചു.