നിലമ്പൂർ നഗരസഭാധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തിലെ പതാക നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവെന്ന്
1570729
Friday, June 27, 2025 5:26 AM IST
നിലമ്പൂർ: നഗരസഭാധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തിൽ സ്ഥാപിച്ച വിവാദ പതാക അഴിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടതായി പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ഷെറി ജോർജ്, കെ.നാണിക്കുട്ടി എന്നിവർ പറഞ്ഞു.
ഇടതു ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് അധ്യക്ഷൻ മാട്ടുമ്മൽ സലീമിന്റെ കാറിൽ പതാക സ്ഥാപിച്ചത്. നടപടി മോട്ടർ വാഹന ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ടി.ചെറിയാൻ നിലമ്പൂർ ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി. പതാക സ്ഥാപിക്കുന്നതിന് വാഹനത്തിൽ മാറ്റം വരുത്തിയത് (ആൾട്ടറിംഗ്) ചട്ടലംഘനമാണെന്ന് ജോയിന്റ് ആർടിഒ വിലയിരുത്തി.
വാഹനങ്ങളിൽ പതാക ഉപയോഗിക്കാൻ അർഹതയുള്ളവരുടെ പട്ടികയിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷർ ഉൾപ്പെടുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി പതാക നീക്കം ചെയ്ത് കാർ പരിശോധനയ്ക്ക് ഹാജരാക്കാൻ വാഹനത്തിന്റെ കസ്റ്റോഡിയൻ കൂടിയായ സെക്രട്ടറിക്ക് ജോയിന്റ് ആർടിഒ നോട്ടീസ് നൽകി. നടപടിയെടുക്കാതെ സെക്രട്ടറി ഒഴിഞ്ഞു മാറി. തുടർന്ന് പരാതിക്കാരൻ നഗരസഭാ സെക്രട്ടറി, മലപ്പുറം ആർടിഒ, ജോയിന്റ് ആർടിഒ എന്നിവരെ എതിർകക്ഷികളാക്കി ഹെക്കോടതിയിൽ ഹർജി നൽകി.
വാഹനത്തിൽ നിന്ന് പതാക നീക്കം ചെയ്യാൻ 2022 ഒക്ടോബർ 10ന് സെക്രട്ടറിക്ക് കോടതി ഉത്തരവിട്ടു. കഴിഞ്ഞ 16ന് ഹർജി കോടതി പരിഗണിച്ചപ്പോൾ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷൻ ബോധിപ്പിച്ചു. തുടർന്ന് പതാക നീക്കം ചെയ്ത് 10 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് സെക്രട്ടറിയോട് ഉത്തരവിട്ടു. ഹർജി കോടതിയുടെ പരിഗണനക്ക് ഇന്ന് വീണ്ടും വരുന്നുണ്ട്.
അതേസമയം നഗരസഭാ ചെയർമാന്റെ ഔദ്യോഗിക വാഹനത്തിലെ പതാക അഴിച്ച് മാറ്റിയിട്ടുണ്ടെന്നും നഗരസഭ അഭിഭാഷകൻ മുഖേന കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.