നിറയെ കുഴികൾ; നിലന്പൂർ മിനിബൈപാസ് റോഡിലൂടെയുള്ള യാത്ര ദുഷ്കരം
1571260
Sunday, June 29, 2025 5:19 AM IST
നിലന്പൂർ: നിലന്പൂർ മിനിബൈപാസ് റോഡിലൂടെയുള്ള യാത്ര ദുരിതപൂർണം. നിലന്പൂർ മിൽമ പടിയിൽ നിന്ന് മിനി ബൈപാസ് റോഡിലേക്കുള്ള ലിങ്ക് റോഡ് ഉൾപ്പെടെ ഗർത്തങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മഴ പെയ്തതോടെ യാത്ര തീർത്തും ദുഷ്കരമായി.
നിലന്പൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വഴിക്കടവ്, കാളികാവ്, എരുമമുണ്ട, പോത്തുകൽ, കക്കാടംപൊയിൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെ ഈ ലിങ്ക്റോഡ് വഴിയാണ് കെഎൻജി റോഡിലേക്ക് എത്തുന്നത്. ബസുകൾ സാഹസികമായാണ് ഗർത്തങ്ങളിൽപ്പെടാതെ കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും ഇതിലൂടെ കടന്നു പോകാൻ നന്നേ പ്രയാസപ്പെടുന്നു.
ഓരോ വർഷവും നഗരസഭ ഫണ്ട് ഉപയോഗിച്ച് റോഡിലെ ഗർത്തങ്ങൾ അടയ്ക്കാറുണ്ടെങ്കിലും മഴ പെയ്താൽ റോഡിൽ കുഴികൾ രൂപപ്പെടുകയാണ്. തണ്ണീർത്തടങ്ങൾ നികത്തി പണിത റോഡായതിനാൽ ഈ റോഡിലെ ഗർത്തങ്ങൾ ഇല്ലാതാക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കൂടാതെ ഓവുചാലുകൾ ഇല്ലാത്തതിനാൽ വെള്ളം റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്നു. ഇത് കടകളെയും ബാധിച്ചിട്ടുണ്ട്.
നിലന്പൂർ പുതിയ ബസ് സ്റ്റാൻഡിന്റെ അവസ്ഥയും പരിതാപകരമാണ്. ബസ് സ്റ്റാൻഡ് മുഴുവൻ ചെറുതും വലുതുമായ കുഴികൾ കാരണം സ്റ്റാൻഡിൽ കയറുന്പോൾ ബസുകളുടെ ലീഫ് പൊട്ടുന്നത് പതിവായിട്ടുണ്ട്.