വ്യാജരേഖകൾ ചമച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
1570732
Friday, June 27, 2025 5:29 AM IST
പെരിന്തൽമണ്ണ: വ്യാജ രേഖകൾ ചമച്ച് 35 ലക്ഷംരൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പുലാമന്തോൾ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റിലെ യൂണിറ്റ് ഇൻ ചാര്ജിലുള്ള ദിവസ വേതനക്കാരനായ പട്ടിക്കാട് കരുവമ്പാറ കൊടുവായ്ക്കൽ കെ.വി. വിനീതി (36) നെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർമാരായ ഷിജോ സി. തങ്കച്ചൻ, ടി.പി. ഉദയൻ, പെരിന്തൽമണ്ണ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് കഴിഞ്ഞ ദിവസം സ്വവസതിയിൽവച്ച് കസ്റ്റഡിയിലെടുത്തത്.
2022 ഒക്ടോബർ ഒന്നു മുതൽ 2025 ഏപ്രിൽ 11 വരെയുള്ള കാലയളവിൽ പ്രതി ത്രിവേണി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ക്രെഡിറ്റ് ബില്ല് പ്രകാരവും സ്വന്തമായി വ്യാജമായി ക്രെഡിറ്റ് ബില്ല് നിർമിച്ചും പെരിന്തൽമണ്ണ ജിഎച്ച്എസ് സ്കൂൾ, പാതായ്ക്കര ഗവൺമെന്റ് പിടിഎം കോളജ്, മങ്കട ഗവൺമെന്റ് കോളജ് എന്നീ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്കും സ്കൂൾ സ്റ്റേഷനറി ഉത്പന്നങ്ങളും ഗ്രോസറി ഉത്പന്നങ്ങളും നൽകി പ്രതി ഡിജിറ്റൽ പേയ്മെന്റിലൂടെ നേരിട്ട് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു.
ഇതിനു പുറമെ സ്ഥാപനങ്ങളിൽ പ്രതി നേരിട്ടെത്തി പണം നേരിട്ട് കൈപ്പറ്റിയ ശേഷം ആ തുകകൾ കേരള സ്റ്റേറ്റ് കോപറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കാതെ സ്വന്തം സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വന്നിരുന്നതായും ഇപ്രകാരം കേരള സ്റ്റേറ്റ് കോപറേറ്റീവ് കൺസ്ട്രേഷൻ ലിമിറ്റഡിൽ നിന്നും പ്രതി 34,67,432 രൂപ തട്ടിയെടുത്തതായും പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.