ഏഴുകണ്ണിപാലം അണ്ടർപാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
1571975
Tuesday, July 1, 2025 7:48 AM IST
പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപാലം നവീകരണത്തിനായി അടച്ചതോടെ പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ബദൽ വഴികളിലൂടെയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ഇന്നലെ പ്രവൃത്തി ദിവസമായതിനാൽ പെരിന്തൽമണ്ണയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ആശുപത്രിയിൽ എത്തേണ്ടവർ എന്നിവരെല്ലാം വളരെ പ്രയാസപ്പെട്ടാണ് സ്ഥാപനങ്ങളിലെത്തിയത്. ഒരാടംപാലം - വലന്പൂർ റോഡിൽ വാഹനങ്ങൾ വർധിച്ചത് മൂലം ആ വഴിയിൽ ഗതാഗതകുരുക്ക് രൂക്ഷമായിട്ടുണ്ട്. ഇതിന്റെ ഫലമായി ഇരുചക്ര വാഹനങ്ങൾക്ക് പെരിന്തൽമണ്ണയിൽ എത്താൻ എളുപ്പമാർഗമായി ഏഴുകണ്ണിപാലം അണ്ടർപാസ് മാറിയിട്ടുണ്ട്.
ഇരുച്ചക്രവാഹനങ്ങൾ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. അണ്ടർപാസിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതോടെ ഇവിടെയും ഗതാഗതതടസം നേരിടുകയാണ്.
അങ്ങാടിപ്പുറത്ത് റോഡ് അടച്ചതോടെ പെരിന്തൽമണ്ണയിലേക്ക് വരുന്ന യാത്രക്കാരും വ്യാപാരികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്ന അങ്ങാടിപ്പുറത്ത് ഫ്ലഡ്ലിറ്റ് സംവിധാനത്തിലൂടെ രാത്രികാലങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിൽ പ്രവൃത്തി നടത്തണമെന്ന്് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.