മൂത്തേടം ബാലംകുളത്ത് കാട്ടാനക്കൂട്ടമിറങ്ങി: യുവകര്‍ഷകന്റെ വാഴത്തോട്ടം തകര്‍ന്നു
1572739
Friday, July 4, 2025 5:32 AM IST
എടക്കര: മൂത്തേടം ബാലംകുളത്ത് കാട്ടാനകള്‍ യുവകര്‍ഷകന്റെ വാഴത്തോട്ടം തകര്‍ത്ത് തരിപ്പണമാക്കി. ഒടുകുംപൊട്ടിയിലെ പനോലന് അബ്ദുള്‍ ഹമീദിന്റെ വാഴത്തോട്ടമാണ് കാട്ടാനക്കൂട്ടം നിലംപരിശാക്കിയത്. കുലച്ചതും കുലയ്ക്കാറായതുമായ ഇരുനൂറ്റിയന്‍പതോളം നേന്ത്രവാഴകളാണ് ഒറ്റ രാത്രകൊണ്ട് കാട്ടാനക്കൂട്ടം തകര്‍ത്തുകളഞ്ഞത്. അറുനൂറ്റിയന്‍പത് വഴകളാണ് അബ്ദുള്‍ ഹമീദ് കൃഷി ചെയ്തിരുന്നത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി നടത്തിയത്.
സംഘകൃഷിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായപ്യെടുത്താണ് ഏറെ പ്രതിക്ഷയോടെ കൃഷിയിറക്കിയത്. തോട്ടത്തിന് ചുറ്റും സ്ഥാപിച്ച ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങിയത്. വാഴയ്ക്ക് ഇടവിളയായി കൃഷി ചെയ്ത ചേന, പയര്‍ എന്നിവയും കാട്ടാനകള്‍ നശിപ്പിച്ചു. രാത്രി എട്ടിന് കൃഷിയിടത്തില്‍ കാവലിന് എത്തിയപ്പോഴേക്കും 148 വഴകള്‍ ആനകള്‍ നശിപ്പിച്ചിരുന്നു.
രാത്രി വൈകിയാണ് ബാക്കിയുള്ള വാഴകളും നശിപ്പിച്ചത്. വാഴകളെല്ലാം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നഷ്ടപരിഹാരം കിട്ടാന്‍ വൈകുന്നത് തന്നെ ദുരിതത്തിലാക്കുകയാണെന്ന് ഹമീദ് പറയുന്നു. കഴിഞ്ഞവര്‍ഷം കാട്ടാനകള്‍ വാഴ നശിപ്പിച്ചതിനുള്ള നാല്പതിനായിരം രൂപയുടെ നഷ്ടപരിഹാരം നാളിതുവരെ ലഭിച്ചിട്ടില്ല.
വിള നഷ്ടപ്പെടുകയും നഷ്ടപരിഹാരം വൈകുകയും ചെയ്യുമ്പോള്‍ വായ്പ തിരിച്ചടവ് മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്യുമെന്നാണ് ഈ കര്ഷകന് പറയുന്നത്. വനത്തില്‍ നിന്നും കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്നും ഹമീദ് പരാതിപ്പെടുന്നു.
കാട്ടനകള്‍ കൃഷിയിടം തകര്‍ത്തതോടെ പാടെ തകര്‍ന്നിരിക്കുകയാണ് ഈ കര്ഷകന്. എംഎല്‍എ ആര്യാടന് ഷൗക്കത്ത്, ജനപ്രതിനിധികള്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹമീദിന്റെ കൃഷിയിടം സന്ദര്‍ശിച്ചു.