വന്യജീവി വേട്ട: രണ്ടുപേർ പിടിയിൽ
1572199
Wednesday, July 2, 2025 5:31 AM IST
നിലന്പൂർ: എടവണ്ണ വനം റേഞ്ചിലെ കൊടുന്പുഴ സ്റ്റേഷൻ പരിധിയിൽ വെണ്ടേക്കുംപൊയിൽ ഭാഗത്ത് വന്യജീവികളെ വേട്ടയാടുന്നതിനിടെ രണ്ടുപേരെ വനപാലകർ പിടികൂടി. കുതിരക്കുന്നത്ത് ഹംസ(46), മൂർക്കനാട് കളത്തിങ്ങൽ മുഹമ്മദാലി(47) എന്നിവരാണ് പിടിയിലായത്. ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാനുള്ള കത്തികൾ, ബൈക്ക് എന്നിവയും ഇവരിൽ നിന്ന് പിടികൂടി.
ഇവരോടൊപ്പം നായാട്ടിനെത്തിയെന്ന് സംശയിക്കുന്ന നാല് പേർ ഇന്നോവ കാറിൽ രക്ഷപ്പെട്ടതായി സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. അറസ്റ്റിലായ പ്രതികൾക്ക് മണ്ണാർക്കാട് ഡിവിഷനിലും കേസുകളുണ്ട്. എസ്എഫ്ഒ സി. ഡിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആകാശ് ചന്ദ്രൻ, എൻ.പി. മുനീറുദീൻ, അരുണ്‍ പ്രസാദ്, വി. അജയ് എന്നിവരാണ് പരിശോധന നടത്തിയത്.
മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എടവണ്ണ റേഞ്ച് ഓഫീസർ പി. സലീംഅറിയിച്ചു.