അങ്ങാടിപ്പുറത്ത് വയോധികർക്കും രോഗികൾക്കും ആശ്വാസമായി വാഹന സൗകര്യം
1572195
Wednesday, July 2, 2025 5:27 AM IST
അങ്ങാടിപ്പുറം: അവശരായെത്തുന്ന രോഗികൾ അടക്കമുള്ളവരെ അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതിന് മങ്കട പെയിൻ ആൻഡ് പാലിയേറ്റീവ്ന്റെ നേതൃത്വത്തിൽ സൗജന്യ വാഹനമൊരുക്കി. മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി കട്ട വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചതിനെത്തുടർന്നാണ് ആശ്വാസ നടപടി.
സ്വകാര്യ ബസുകൾ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തുമായി നിർത്തിയിട്ടാണ് സർവീസ് നടത്തുന്നത്. ഇതിനാൽ പെരിന്തൽമണ്ണയിലേക്ക് എത്തേണ്ട രോഗികൾ അടക്കമുള്ളവർ അങ്ങാടിപ്പുറം തളി ജംഗ്ഷനിൽ ഇറങ്ങി പാലത്തിലൂടെ നടന്ന് കിഴക്ക് ഭാഗത്ത് നിർത്തിയിട്ട വാഹനങ്ങളിൽ എത്തിപ്പെടാൻ പ്രയാസപ്പെടുകയാണ്.
ഇതിന് പരിഹാരമായാണ് മങ്കട പെയിൻ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിനു മുകളിലായി വാഹന സൗകര്യമൊരുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ വയോധികർ മേൽപ്പാലത്തിന്റെ മുകളിലൂടെയും താഴെ റെയിൽപാത മുറിച്ചു കടക്കുകയും ചെയ്താണ് കടന്നുപോയത്. ഇതേറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
പ്രായമായവരും ശാരീരിക വിഷമത അനുഭവിക്കുന്നവരും ഏറെ ബുദ്ധിമുട്ടിയാണ് മേൽപ്പാലത്തിന്റെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും കാൽ നടയായി യാത്ര ചെയ്യുന്നത്. ഇതിന് പരിഹാരമായാണ് മങ്കട പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയത്.