കാട്ടാന ശല്യത്തിന് അറുതിയില്ല: എടക്കരയിലും നിലന്പൂരിലും വ്യാപക നാശം
1572192
Wednesday, July 2, 2025 5:27 AM IST
നിലന്പൂർ: ചാലിയാറിൽ കാട്ടാനയിറങ്ങി. പഞ്ചായത്ത് പ്രസിഡന്റിന്റെ കൃഷിയിടങ്ങളിൽ ഉൾപ്പെടെ നശിപ്പിച്ചു. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്റെ എച്ച് ബ്ലോക്ക് നഗറിലെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, ഒൗഷധ ചെടികൾ എന്നിവയാണ് നശിപ്പിച്ചത്. എച്ച് നഗറിലെ രാധിക പ്രിയ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. പന്തീരായിരം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തിയത്. വീട്ടുമുറ്റങ്ങളിലേക്ക് ഉൾപ്പെടെ കാട്ടാനകൾ എത്തുകയാണ്.
നിലന്പൂർ നോർത്ത് ഡിഎഫ്ഒയെ നിരവധി തവണ കണ്ട് ഇതേക്കുറിച്ച് ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ലെന്നും ചാലിയാർ പഞ്ചായത്തിൽ രാത്രിയായാൽ കാട്ടാനയെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രസിഡന്റ് മനോഹരൻ പറഞ്ഞു. അപകടകാരിയായ ചുള്ളിക്കൊന്പൻ ഉൾപ്പെടെയുള്ള കാട്ടാനകളാണ് ചാലിയാർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ നാശം വിതയ്ക്കുന്നത്.
എടക്കര: മുട്ടിക്കടവിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തറയത്ത് ജോസ് ജോർജിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നാശം വിതച്ചത്. വാഴ, കമുക്, ചേന്പ്, കപ്പ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വള്ളുവശേരി വനത്തിൽ നിന്നിറങ്ങുന്ന കാട്ടാന നലാം തവണയാണ് ജോസ് ജോർജിന്റെ കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത്.
കൃഷിയിടത്തിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ സ്ഥാപിച്ച വേലിയടക്കം തകർത്താണ് ആന കൃഷിയിടത്തിലിറങ്ങുന്നത്. കാട്ടാന, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കൃഷി അസാധ്യമായിരിക്കുകയാണെന്ന് ജോസ് ജോർജ് പറയുന്നു. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല.