കടുവയെ വെടിവച്ച് കൊല്ലണമെന്ന് പഞ്ചായത്ത് പ്രമേയം
1572190
Wednesday, July 2, 2025 5:27 AM IST
കരുവാരകുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവച്ച് കൊല്ലാൻ ഉത്തരവിടണമെന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഈ ആവശ്യം സംസ്ഥാന സർക്കാരിന് കൈമാറും. കാളികാവിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം കടുവ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കടുവയെ പിടികൂടുന്നതിന് ദൗത്യസംഘം കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ കൂടും കാമറകളും സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസത്തിലധികമായിട്ടും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ടുപ്രാവശ്യം കടുവ ദൗത്യസംഘത്തിന്റെ മുന്നിൽ അകപ്പെട്ടുവെങ്കിലും വെടിവയ്ക്കാനോ പിടികൂടാനോ സംഘത്തിനായില്ല.
പ്രദേശത്തെ ആളുകൾക്ക് തൊഴിലിടങ്ങളിൽ പോകാനും സാധിക്കുന്നില്ല. കച്ചവട സ്ഥാപനങ്ങളിലും വ്യാപാരം വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. നേരം ഇരുട്ടുന്നതോടെ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തി കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവച്ചുകൊന്ന് ജനങ്ങളുടെ ഭീതി അകറ്റുകയും സുരക്ഷിതമായ ജീവിതസൗകര്യമൊരുക്കുകയും വേണമെന്നാണ് ഗ്രാമപഞ്ചായത്ത് ആവശ്യമുന്നയിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മഠത്തിൽ ലത്തീഫ് പ്രമേയം അവതരിപ്പിച്ചു.