റോഡ് ഗതാഗത യോഗ്യമാക്കിയില്ല: മേലാറ്റൂരിൽ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
1572193
Wednesday, July 2, 2025 5:27 AM IST
മേലാറ്റൂർ: ജലജീവൻ മിഷൻ പദ്ധതിക്കായി കീറിയ മേലാറ്റൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. സംഭവത്തിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുവാൻ മേലാറ്റൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.
സമീപ പഞ്ചായത്തുകളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തികരിക്കുകയോ പൂർത്തീകരണത്തിലേക്ക് അടുക്കുകയോ ചെയ്ത സാഹചര്യത്തിൽ മേലാറ്റൂർ പഞ്ചായത്തിൽ ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു.
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന റോഡുകളിൽ ജലജീവൻ ഫണ്ട് വിനിയോഗിക്കേണ്ടതിന് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചതിനാൽ പഞ്ചായത്തിന് ലഭിക്കേണ്ട വലിയയൊരു തുക നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി 11ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.
ഒന്പത്, 10 തീയതികളിൽ വാഹന ജാഥ നടത്തും. ഇത് സംബന്ധിച്ച യോഗത്തിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ.പി. അബ്ദുൾ ലത്തീഫ് അധ്യക്ഷനായിരുന്നു. പി. മുജീബ് റഹ്മാൻ, പി.സി. ജയരാജൻ, സി. അബ്ദുൾകരീം, എ. അജിത് പ്രസാദ്, ബി. മുസമ്മിൽ ഖാൻ, എ.കെ. യൂസുഫ് ഹാജി, വി. ത്വയ്യിബ്, കെ.വി. മുഹമ്മദ്, പി.പി.ഉസ്മാൻ, പേരാഴി നാരായണൻ, പി. ഹിഷാം വാഫി, കെ. അബൂബക്കർ, കെ. ഹൈദറലി ശിഹാബ്, സി.യു. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.