പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ കൊണ്ടുപോകുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു
1572176
Wednesday, July 2, 2025 4:57 AM IST
എടക്കര: പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മകനും കുഴഞ്ഞ് വീണ് മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തൻപുരയ്ക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (48) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അർബുദബാധിതനയ തോമസിന് രോഗം കലശലായതിനെത്തുടർന്ന് പതിനൊന്ന് മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് തോമസ്് കുഴഞ്ഞ് വീണ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ രാവിലെ മലയിൽ ടാപ്പിംഗിന് പോയ മകൻ ടെൻസ് തോമസ് ആശുപത്രിയിലെത്തി കണ്ടശേഷം പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ ചുങ്കത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ ടെൻ തോമസ് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ ടെൻസ് തോമസിനെ കാറിൽ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. തുടർന്ന് തോമസിന്റെ മൃതദേഹവും ഇതേ അശുപത്രിയിലെത്തിച്ച് മരണം ഉറപ്പ് വരുത്തി. ഏഴ് മാസം മുന്പാണ് തോമസിന് അർബുദ ബാധ സ്ഥിരീകരിച്ചത്.
ഏലിയാമ്മയാണ് തോമസിന്റെ ഭാര്യ. ഏകമകനാണ് ടെൻ തോമസ്. നിഷയാണ് ടെൻസ് തോമസിന്റെ ഭാര്യ: മക്കൾ: അഭിഷേക്, അജിത്ത്, അയന. ഇരുവരുടെയും ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് മുട്ടിയേൽ സെന്റ് അൽഫോൻസ പള്ളിയിൽ സംസ്കാരം നടക്കും.