ലാലുക്കുട്ടി ഉമ്മൻ വിടവാങ്ങി; അണഞ്ഞത് കാരുണ്യത്തിന്റെ വെളിച്ചം
1572175
Wednesday, July 2, 2025 4:57 AM IST
നിലന്പൂർ: പ്രമുഖ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പുല്ലഞ്ചേരി കൊടിപ്പാറയിൽ ലാലുക്കുട്ടി ഉമ്മന്റെ (73) വേർപ്പാടിലൂടെ നാടിന് നഷ്ടമായത് കാരുണ്യത്തിന്റെ തണൽമരം.
പ്രവാസി വ്യവസായി എന്ന നിലയിൽ പ്രവർത്തിക്കുന്പോഴും ലാലുക്കുട്ടി ഉമ്മന് തന്റെ നാടും നാട്ടുകാരും ഏറെ പ്രിയപ്പെട്ടതായിരുന്നു. നിലന്പൂരിന്റെ കുടിയേറ്റ മേഖലയായ പുല്ലഞ്ചേരി ഗ്രാമത്തെ ഏറെ സ്നേഹിച്ചിരുന്നു ലാലുക്കുട്ടി ഉമ്മൻ.
പുല്ലഞ്ചേരിയുടെ പൊതുവിഷയങ്ങളിൽ ലാലുക്കുട്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ജീവകാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സഹജീവികളോട് എന്നും കാരുണ്യത്തോടെ ഇടപെട്ടിരുന്ന ലാലുക്കുട്ടി ഉമ്മൻ തന്നാൽ കഴിയുംവിധം സഹായിക്കുന്നതിനും ശ്രമിച്ചിരുന്നു.
നിലന്പൂരിൽ നല്ലൊരു ആശുപത്രി അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനുള്ള ശ്രമവും നടത്തിയിരുന്നു. ഈ സ്വപ്നം ബാക്കിവച്ചാണ് അദ്ദേഹം യാത്രയായത്. നിലന്പൂരിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമായാൽ സാധാരണക്കാർക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുടിയേറ്റ കർഷകരെയും കുടിയേറ്റ ഗ്രാമങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ലാലുക്കുട്ടി ഉമ്മന് ’ദീപിക’ പത്രവുമായി വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. കഴിഞ്ഞ 15 വർഷത്തോളമായി ദീപിക കുടുംബത്തിലെ ഒരംഗമായി അദ്ദേഹം പ്രവർത്തിച്ചു.
പ്രവാസി വ്യവസായി എന്ന നിലയിലും ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളും പരിഗണിച്ച് ‘ദീപിക’ പ്രത്യേക പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. 2015-ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുരസ്കാരം കൈമാറിയത്. സ്വന്തം കുടുംബത്തോടൊപ്പം നാടിനെയും ചേർത്തുപിടിച്ച ലാലുക്കുട്ടി ഉമ്മന്റെ വേർപാട് കുടുംബത്തിനൊപ്പം നാടിന്റെകൂടി നഷ്ടമാണ്.
ഭാര്യ: അന്നമ്മ ലാലുക്കുട്ടി (ചിറ്റേഴത്ത് കുടുംബാംഗം). മക്കൾ: ലിബു ഉമ്മൻ ലാലു, ലിജോ ഉമ്മൻ ലാലു, ലിനു ഉമ്മൻലാലു. മരുമക്കൾ: ക്രിസ്റ്റാഡിനാ മാത്യു, റിജി ഫിലിപ്പ്, ജിബി എൽസ വർഗീസ്. സംസ്കാരം ഇന്ന് നിലന്പൂർ പുല്ലഞ്ചേരി സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കും.