കൊണ്ടോട്ടി ബസ് സ്റ്റാൻഡ് ടെർമിനൽ ഉദ്ഘാടനം ചെയ്തു
1572197
Wednesday, July 2, 2025 5:31 AM IST
തദ്ദേശ സ്ഥാപന മാതൃകയിൽ വനിതാ സംവരണം നിയമസഭയിലും വേണം: സ്പീക്കർ
കൊണ്ടോട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരമെന്നും ഇത്തരത്തിൽ സ്ത്രീ സംവരണം നടപ്പാക്കിയാൽ മാത്രമേ നിയമസഭകളിലും പാർലമെന്റിലും വനിതകൾക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂവെന്നും സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. വീട്ടകങ്ങളിൽ ഒതുങ്ങിപോകുമായിരുന്ന പ്രഗൽമതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി സ്പീക്കർ പറഞ്ഞു.
കൊണ്ടോട്ടിയിൽ 1.37 കോടി രൂപ ചെലവിൽ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാൻഡ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തർക്കങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് ഭരണകക്ഷിയാണെന്ന് സ്പീക്കർ ഓർമിപ്പിച്ചു. ടി.വി ഇബ്രാഹിം എംഎൽഎ അധ്യക്ഷനായിരുന്നു.
എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, എംഎൽഎ.മാരായ പി.അബ്ദുൾ ഹമീദ്, പി.ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, നഗരസഭ ചെയർപേഴ്സണ് സി.എ. നിതാ ഷഹീർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. നഗരസഭയുടെ വിവിധ പദ്ധതികളും തദ്ദേശ വകുപ്പ് നടപ്പാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഫണ്ടും വകയിരുത്തിയാണ് ബസ്റ്റാൻഡ് ടെർമിനൽ നവീകരിച്ചത്.
കൊണ്ടോട്ടി പട്ടണത്തിന്റെ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. എല്ലാവിധ സൗകര്യങ്ങളും സ്റ്റാൻഡിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.