അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്
1572495
Thursday, July 3, 2025 5:09 AM IST
പെരിന്തൽമണ്ണ: ജനകീയ വിഷയങ്ങൾ ഉയർത്തി അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചുവർഷമായി പഞ്ചായത്തിൽ ജനങ്ങൾക്ക് സേവനം ലഭിക്കുന്നില്ല. ഭരണസമിതിയുടെ പോരായ്മ മറച്ച് പിടിക്കാൻ യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം ഉദ്യോഗസ്ഥരുടെ കുറവ് എന്നാണ്.
മറ്റു പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമായി കോണ്ട്രാക്ടർ ഭരണവും ഉദ്യോഗസ്ഥരുടെ മേൽ ഭരണസമിതി ചെലുത്തുന്ന കടുത്ത സമ്മർദ്ദവും കാരണം ഉദ്യോഗസ്ഥർ അധികസമയം ഇവിടെ ജോലി ചെയ്യാൻ താൽപര്യം കാണിക്കാതെ സ്വയം ട്രാൻസ്ഫർ വാങ്ങി രക്ഷപ്പെടുകയാണെന്ന് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എട്ടുമാസമായി ക്ഷേമപെൻഷൻ അപേക്ഷകൾ പഞ്ചായത്തിൽ അന്വേഷണം നടത്താത്തതിനാൽ നൂറിലധികം പേർക്ക് പെൻഷൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റബർ സ്റ്റാന്പ് മാത്രമാണെന്നും നേതാക്കൾ ആരോപിച്ചു.
അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കിന്റെ ഉത്തരവാദിത്വം മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിക്കാണ്. ഓരോടംപാലം -മാനത്തമംഗലം ബൈപ്പാസ് പദ്ധതി അട്ടിമറിച്ച് വ്യാപാര മേഖല തകർക്കുകയും പ്രദേശവാസികളുടെ സ്വൈര്യജീവിതം നശിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഡ്വ. ടി.കെ. റഷീദലി, എ. ഹരി, കെ.ടി. നാരായണൻ, സി. സജി, കെ. ദിലീപ് എന്നിവർ പങ്കെടുത്തു.