കാഞ്ചിപുരത്ത് വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു
1572477
Thursday, July 3, 2025 4:44 AM IST
എടക്കര: ചെന്നൈ കാഞ്ചിപുരത്ത് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം ജില്ലയിലെ പോത്തുകൽ സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. പോത്തുകൽ പൂളപ്പാടത്തെ കരിപറന്പൻ മുഹമ്മദ് അഷ്റഫിന്റെയും നുസ്റത്തിന്റെയും മകൻ മുഹമ്മദ് അഷ്മിൽ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി കാണാതായ മുഹമ്മദ് അഷ്മിലിനുവേണ്ടി നടത്തിയ തെരച്ചിലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട്ടുനിന്നുള്ള പത്ത് വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. പഠനസംബന്ധമായ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് വിദ്യാർഥികൾ ചെന്നൈ കാഞ്ചിപുരം ജില്ലയിലെ താന്പരത്തെ ഒരു കന്പനിയിൽ എത്തിയത്. ഇവിടെ ക്വാളിറ്റി ചെക്കിംഗ് വിഭാഗത്തിലായിരുന്നു മുഹമ്മദ് അഷ്മലിന് ഇന്റേണ്‍ഷിപ്പ് ലഭിച്ചിരുന്നത്.
സഹപാഠികളായ ഏഴുപേരാണ് കുളിക്കാനായി ക്വാറിയിലെ വെള്ളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ മുഹമ്മദ് അഷ്മിലിനെ കാണാതാവുകയായിരുന്നു. കൂടെയുള്ളവർ ഏറെനേരം തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാർ നീന്തി തളർന്നതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ഇതനുസരിച്ച് എത്തിയ പോലീസ് ഫയർ ഫോഴ്സിനെ അറിയിക്കുകയും ചൊവ്വാഴ്ച രാത്രി ഏഴരയോടെ സംഘം സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ തെരച്ചിൽ നടത്താനാവാശ്യമായ സംവിധാനമൊന്നുമില്ലാതെ വന്ന സംഘം ഇന്നലെ രാവിലെ തെരച്ചിൽ ആരംഭിക്കാമെന്ന് അറിയിച്ച്് മടങ്ങുകയായിരുന്നു.
ഇതിനിടെ അഷ്മിലിന്റെ ബന്ധുക്കളും വിവരമറിഞ്ഞ് ചെന്നൈയിൽ എത്തിയിരുന്നു. ഇന്നലെ ഉച്ചവരെ ഒരു ബോട്ട് ഉപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. മുന്നൂറടിയോളം താഴ്ചയുള്ളതായി കരുതുന്ന വെള്ളക്കെട്ടിൽ ഒരു ബോട്ട് കൊണ്ടുള്ള തെരച്ചിൽ അപര്യാപ്തമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് 2.45 ഓടെ ചെന്നൈ മറൈൻ ഡിപ്പാർട്ട്്മെന്റിൽ നിന്നുള്ള സ്കൂബ ടീം എത്തി.
ഇവർ നടത്തിയ തെരച്ചിലിലാണ് കാണാതായ സ്ഥലത്തിന് സമീപത്തുനിന്നായി അഷ്മിലിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചെങ്കൽപേട്ട് ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അഷ്വക്ക് ആണ് അഷ്മിലിന്റെ സഹോദരൻ.