കടുവയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കളക്ടർക്ക് നിവേദനം നൽകി
1572490
Thursday, July 3, 2025 5:09 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് മേഖലയിൽ കാണപ്പെടുന്ന നരഭോജി കടുവയെ വെടിവച്ച് കൊല്ലണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർ വി.ആർ. വിനോദിന് യുഡിഎഫ് നിവേദനം നൽകി. കടുവാഭീതി മൂലം ജോലിക്ക് പോകാൻ കഴിയാത്തവർക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് നൽകണമെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കൊന്ന സംഭവത്തോടെ നാട്ടുകാർ ഭീതിയിലാണ്. ഇത്തരം സാഹചര്യങ്ങളിലും കടുവയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
കൂടാതെ ജോലിക്ക് പോകാൻ കഴിയാത്ത തോട്ടം തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് നൽകാനുള്ള നടപടികൾ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിക്കുകയും പരിശോധനകൾ നടത്തിയ ശേഷം നടപടി കൈക്കൊള്ളുമെന്നും കളക്ടർ മറുപടി നൽകിയതായും നേതാക്കൾ പറഞ്ഞു. മന്ത്രിമാരോ ഭരണകക്ഷി എംഎൽഎമാരോ കരുവാരക്കുണ്ട് മേഖലയിൽ എത്തിയിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സിപിഎം നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. കടുവാ ഭീതി അകറ്റാത്തതിനെ തുടർന്ന് വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയറ്റ് വരെ പ്രതിഷേധം നടത്തുമെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.
എൻ. ഉണ്ണീൻകുട്ടി, എം.പി. വിജയകുമാർ, വി. ആബിദലി, എം.കെ. മുഹമ്മദാലി, വി. ഷബീറലി, എ.കെ. ഹംസക്കുട്ടി, കെ. ഗോപാലകൃഷ്ണൻ, ടി.ഡി. ജോയ്, ടി.ഇംതിയാസ് ബാബു, വി. ഷൗക്കത്ത്, ജാഫർ പുൽവെട്ട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.