പ്രവാസികൾക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു: ഈ വർഷം 1500 പേർക്ക് സംരംഭക വായ്പ ലക്ഷ്യം
1572497
Thursday, July 3, 2025 5:09 AM IST
മലപ്പുറം: കേരളത്തിന്റെ സാമൂഹിക, സാന്പത്തിക മേഖലയിൽ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച സൗജന്യ സംരംഭകത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കിവരുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രൻസ് അഥവ എൻഡിപിആർഇഎം പദ്ധതിയിലൂടെ നടപ്പുസാന്പത്തികവർഷം 1500 പ്രവാസി സംരംഭകർക്ക് വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വായ്പകൾക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ 14 ജില്ലകളിലും ബാങ്ക് മീറ്റിംഗുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. പ്രവാസി വനിതകൾക്കായി പ്രത്യേക സ്വയംതൊഴിൽ, സംരംഭകത്വ ബോധവത്കരണം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
എൻഡിപിആർഇഎം പദ്ധതിയുടെയും സേവനങ്ങളുടെയും വിശദാംശങ്ങളെയും കുറിച്ച് സിഎംഡി അസോസിയറ്റ് പ്രഫ. പി.ജി. അനിൽ വിശദീകരിച്ചു. ഉചിതമായ സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാന്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളും ശില്പശാലയിൽ നൽകി.
കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന നൂതന ബിസിനസ് ആശയങ്ങളും അവതരിപ്പിച്ചു. സിഎംഡി പ്രൊജക്ട് ഓഫീസർ സ്മിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഎംഡി ഓഫീസർ ഷിബു, നോർക്ക അസിസ്റ്റന്റ് ഷിജി എന്നിവർ പ്രസംഗിച്ചു. മലപ്പുറം കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളിൽ നടത്തിയ ശില്പശാലയിൽ ഇരുനൂറോളം പ്രവാസികൾ പങ്കെടുത്തു.