വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ; നടപടിയെടുക്കാതെ വനം വകുപ്പ്
1572489
Thursday, July 3, 2025 5:09 AM IST
നിലന്പൂർ: നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്പോൾ നടപടി സ്വീകരിക്കാതെ വനംവകുപ്പ്. മഴ ശക്തമായതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലെത്തുകയാണ്. കൃഷിയിടങ്ങളും റോഡുകളും വന്യമൃഗങ്ങൾ കീഴടക്കുന്ന അവസ്ഥയാണ്. വഴിക്കടവ്, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, അമരന്പലം, മൂത്തേടം, കരുളായി പഞ്ചായത്തുകളിലാണ് വന്യമൃഗങ്ങളുടെ വിളയാട്ടം.
നിലന്പൂർ മേഖലയിൽ മാത്രം 20 ലേറെ കാട്ടാനകളാണ് നിത്യവും പല ഭാഗങ്ങളിലായി കൃഷി നശിപ്പിക്കുന്നത്. വീടുകളുടെ മതിലുകൾ, സോളാർ വൈദ്യുതവേലികൾ എന്നിവ തകർത്ത് കൃഷിയിടത്തിൽ കയറിയാണ് കായ്ഫലമുള്ള തെങ്ങ്, കമുക്, റബർ മരങ്ങൾ, പൈനാപ്പിൾ കൃഷികൾ ഉൾപ്പെടെ നശിപ്പിക്കുന്നത്.
ഇതിന് പുറമെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. മേഖലയിൽ കാട്ടുപന്നികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടും അവയെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ ഗ്രാമപഞ്ചായത്തുകൾ നടപ്പാക്കുന്നില്ല. നിലന്പൂർ മേഖലയിൽ പുലിയും കരടിയും കടുവയുമെല്ലാം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
കാളികാവിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ കടിച്ചുകൊന്ന കടുവയെ ഇതുവരെ വനംവകുപ്പിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. അമരന്പലത്ത് നിന്ന് പിടികൂടി കരുളായി ഉൾവനത്തിൽ വിട്ട കരടി വീണ്ടുമെത്തി അമരന്പലത്തെ ഗ്രാമീണ ക്ഷേത്രങ്ങളിൽ കയറി നെയ്യും എണ്ണയും ഭക്ഷിക്കുന്നത് പതിവായിട്ടുണ്ട്.
വനം ദ്രുതകർമസേനക്ക് കൂടുതൽ വാഹനങ്ങൾ അനുവദിക്കുകയും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തി ദ്രുതകർമസേനയുടെ അംഗബലം വർധിപ്പിക്കണമെന്നാണ് ആവശ്യം. കൂടാതെ വന്യജീവിശല്യം രൂക്ഷമായ ഭാഗങ്ങളിൽ താൽക്കാലിക ഷെഡുകളോ കാവൽമാടങ്ങളോ സ്ഥാപിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ദിവസ വേതന വാച്ചർമാരെ നിയമിക്കണം. ഇവർക്ക് രാത്രികാല കാവൽ ചുമതല നൽകണം.
ഇല്ലാത്തപക്ഷം വന്യമ്യഗശല്യം കൂടുകയും ജനങ്ങൾക്ക് വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതി വരും. വന്യമൃഗശല്യം മൂലം ദുരിതത്തിലായ ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കി വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കാനാണ് സർക്കാർ നീക്കം.
വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും വിലക്ക് വാങ്ങി വനം വകുപ്പ് വന്യമൃഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഒരുക്കുകയാണ്.ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.